പുതിയ നിർമാണങ്ങൾക്ക് ഇനിയും കടന്പ
Thursday, August 28, 2025 3:05 AM IST
കട്ടപ്പന: ഇടുക്കി ജില്ലയിലുൾപ്പെടെ കേരളത്തിൽ 1960ലെ ഭൂപതിവു നിയമത്തിന്റെ 1964ലെ ചട്ടങ്ങൾ അനുസരിച്ചു നൽകിയ പട്ടയ ഭൂമികളിൽ കൃഷിയും വീടും ഒഴിച്ചുള്ള നിർമാണങ്ങൾ ക്രമവത്കരിച്ചു നൽകാൻ ചട്ടം ഉണ്ടായെങ്കിലും പതിവു ഭൂമിയിൽ ഇനിയും നിർമാണങ്ങൾ നടത്തണമെങ്കിൽ ചട്ടം പുതിയതു വേണ്ടിവരും.
രണ്ടു ചട്ടങ്ങളാണ് സർക്കാർ കൊണ്ടുവരുന്നതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഒന്നാമത്തേത് പതിവു ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങളും രണ്ടാമതായി കൃഷിക്കും ഗൃഹനിർമാണത്തിനും മറ്റുമായി പതിച്ചു നൽകിയ ഭൂമി പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിന് അനുവദിക്കുന്നതിനുമുള്ള ചട്ടങ്ങളുമാണ്. ഇതിൽ ഒന്നാമത്തെ ചട്ടത്തിനാണ് മന്തിസഭ അംഗീകാരം നൽകിയിരിക്കുന്നത്.
രണ്ടാമത്തെ ചട്ടം തുടർച്ചയായി പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതനുസരിച്ച് നിലവിലെ വാണിജ്യ നിർമാണങ്ങൾ ക്രമവത്കരിക്കാമെങ്കിലും പുതിയവ നിർമിക്കുന്നതുള്ള വ്യവസ്ഥകൾ ഇനിയും ഉണ്ടാകണം.
1970ലെ കൃഷിയുക്ത വനഭൂമി പതിച്ചു നൽകൽ, കർഷകത്തൊ ഴിലാളികളുടെ പുനരധിവാസ ചട്ടങ്ങൾ, റബർ-ഏലം-തേയില-കാപ്പി പതിവുചട്ടങ്ങൾ, വയനാട് കോളനൈസേഷൻ സ്കീം, 1993ലെ കേരള ലാന്ഡ് അസൈൻമെന്റ് സ്പെഷ്യൽ റൂൾസ് തുടങ്ങിയ ചട്ടങ്ങൾ അനുസരിച്ചു പതിച്ചു നല്കിയ ഭൂമിയിലെ ഉപയോഗമെല്ലാം ഒരു ചട്ടത്തിനു കീഴിലായി എന്നതു പുതിയ ചട്ടത്തിന്റെ പ്രത്യേകതയായി കണക്കാക്കുന്നുണ്ട്.
ക്രമവത്കരണം സംബന്ധിച്ച നിബന്ധകൾക്കും കൃത്യത ഉണ്ടാകണം. കെട്ടിടം ക്രമവത്കരിക്കാനുള്ള അധികാരിയെയും നിശ്ചയിക്കണം. ഭൂമി തരംമാറ്റാനുള്ള അധികാരിയെയും നിശ്ചയിക്കണം. കെട്ടിടം നിർമിക്കുന്നതിനുള്ള അധികാരം നൽകുന്നത് നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻജിനിയറിംഗ് വിഭാഗമാണ്.
ഭൂമി തരം മാറ്റേണ്ടത് റവന്യു വകുപ്പാണ്. നിലവിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യു വകുപ്പും ഫീസും നികുതിയും കൈപ്പറ്റിയിട്ടുള്ളതാണ്. അത്തരം നിർമിതികൾക്കാണ് ഇനിയും ക്രമവത്കരണ അപേക്ഷയും പ്രത്യേക ഫീസും നൽകേണ്ടിവരുന്നത്.
കെട്ടിടം നിർമിച്ചിട്ടുള്ള സ്ഥലത്തിന്റെ തരം മാറ്റമാണ് ഇപ്പോൾ ക്രമവത്കരിക്കുന്നത്. ഇതിനോടു ചേർന്നുള്ള ഭൂമിയിൽ വേറെ നിർമാണം നടത്തണമെങ്കിൽ നിർമിക്കാനുള്ള ചട്ടമനുസരിച്ചുള്ള നിബന്ധനകൾ പാലിക്കണം.