സ്ത്രീകളെ ശല്യപ്പെടുത്തൽ, ഒളിഞ്ഞുനോട്ടം, വിരട്ടൽ രാഹുലിനെതിരേ കേസ്
Thursday, August 28, 2025 4:38 AM IST
തിരുവനന്തപുരം: സ്ത്രീകളെ ശല്യപ്പെടുത്തൽ, ഒളിഞ്ഞുനോട്ടം, വിരട്ടൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു.
സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിതയിലെയും കേരള പോലീസ് ആക്ടിലെയും വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. രാഹുലിനെതിരേ നിയമനടപടി ഉണ്ടാകുമെന്ന് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സ്ത്രീകളെ അവരുടെ താത്പര്യത്തിനു വിരുദ്ധമായി സോഷ്യൽ മീഡിയ വഴി പിന്തുടർന്ന് ശല്യം ചെയ്തു, സ്ത്രീകൾക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു, നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തിൽ സന്ദേശങ്ങൾ അയച്ചു, ഫോണ് വിളിച്ചു ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ക്കാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ബിഎൻഎസ് 78(2), 351 കേരള പോലീസ് ആക്ട് 120 (ഒ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരള പോലീസ് ആക്ടിലെ 120 (ഒ) വകുപ്പ് അനുസരിച്ചു സ്ത്രീകളെ ഫോണോ ഇന്റർനെറ്റോ ഇ മെയിലോ മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളോ ഉപയോഗിച്ചു നേരിട്ടോ ദൂതൻ മുഖേനെയോ ശല്യം ചെയ്തതിനാണ് കേസെടുത്തത്.
ഇതനുസരിച്ചു രാഹുൽ മാങ്കൂട്ടത്തിലിന്റെയും അദ്ദേഹത്തെ സഹായിച്ചവരുടെയും ഫോണുകളും കംപ്യൂട്ടറും മറ്റും പോലീസിനു പിടിച്ചെടുത്തു പരിശോധിക്കാം. കുറ്റകൃത്യം തെളിയിക്കാനായാൽ ഒരു വർഷം വരെ തടവും 5,000 രൂപ വരെ പിഴയും ശിക്ഷിക്കാം.
ഭാരതീയ ന്യായ് സംഹിത 78(2) പ്രകാരം സ്ത്രീകളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒളിഞ്ഞു നോട്ടം, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയുള്ള അപകീർത്തി, നിരീക്ഷിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളും ഇതിൽ പെടും. മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാം.
ഈ വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതികൾ പരിശോധിച്ചതിൽ നിന്ന് അവ കോഗ്നിസിബിൾ ഒഫൻസിൽ ഉൾപ്പെട്ടതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിനാണ് അന്വേഷണ ചുമതല.