ജിഎസ്ടി സ്ലാബ്: കേന്ദ്ര പരിഷ്കാരത്തിൽ ആശങ്കയെന്ന് മന്ത്രി ബാലഗോപാൽ
Wednesday, August 27, 2025 2:22 AM IST
തിരുവനന്തപുരം: ജിഎസ്ടി സ്ലാബുകൾ രണ്ടായി കുറച്ചുള്ള കേന്ദ്ര പരിഷ്കാരത്തിൽ കേരളത്തിന് ആശങ്കയുണ്ടെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ.
പുതിയ കേന്ദ്രപരിഷ്കാരം വരുന്നതോടെ കേരളത്തിനു പ്രതിവർഷം 8,000 -10,000 കോടിയുടെ കുറവുണ്ടാകും. ഇതു സംസ്ഥാനത്തിന്റെ ധനസ്ഥിതിക്കു കനത്ത പ്രഹരമാകും. ജിഎസ്ടി നിലവിൽവന്ന ശേഷമുള്ള ഏറ്റവും വലിയ വെട്ടിക്കുറവാണു സംഭവിക്കുന്നത്.
ജിഎസ്ടി ഏർപ്പെടുത്തിയതോടെ നികുതി വരവിലുണ്ടായ 21,000 കോടിയുടെ നഷ്ടത്തിനു പുറമേയാണു 10,000 കോടിയുടെ കുറവ്. ഖജനാവിലേക്കു വരേണ്ട പണം കുറഞ്ഞാൽ പൊതുചെലവുകളെ കാര്യമായി ബാധിക്കുമെന്നും ബാലഗോപാൽ പറഞ്ഞു.
കേന്ദ്രത്തിന്റെ ഈ പരിഷ്കാരം സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കു കടുത്ത ഭീഷണിയാകും. കാരുണ്യ ഇൻഷ്വറൻസും ലൈഫുമടക്കം പദ്ധതികൾക്കുള്ള വകയിരുത്തലുകളെയും ദോഷമായി ബാധിക്കും.
22 ലക്ഷം കോടി രൂപയാണു കഴിഞ്ഞവർഷം ഇന്ത്യയിലാകെ ജിഎസ്ടി ഇനത്തിൽ കിട്ടിയത്. പുതിയ പരിഷ്കാരത്തോടെ ഇതിൽ നാലു ലക്ഷം കോടിയുടെ കുറവുണ്ടാകും. ഇതിന്റെ ആനുപാതികമായ കുറവാണു സംസ്ഥാനങ്ങളുടെ വരുമാനത്തിലുണ്ടാകുക.
അടുത്ത മാസം മൂന്ന്, നാല് തീയതികളിൽ നടക്കുന്ന ജിഎസ്ടി കൗണ്‍സിലിൽ കേരളം ആശങ്ക ഉന്നയിക്കും. വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിതന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചു കേന്ദ്രസർക്കാരിനു കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നികുതി കുറയ്ക്കുന്നതിലൂടെ ജനങ്ങൾക്ക് ആശ്വാസം നൽകുന്പോൾത്തന്നെ സംസ്ഥാനങ്ങളുടെ വരുമാനം സംരക്ഷിക്കണമെന്നാണു കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.