കെസിവൈഎം കേരള നവീകരണ യാത്ര നടത്തും
Tuesday, August 26, 2025 1:50 AM IST
കോട്ടയം: യുവത്വത്തിന്റെ കണ്ണുകളിലൂടെ കേരള സമൂഹത്തിന്റെ വികസനം എന്ന ആപ്തവാക്യവുമായി കെസിവൈഎം സംസ്ഥാന സമിതി കേരള നവീകരണ യാത്ര നടത്തും.
28നു കാസര്‍ഗോഡുനിന്ന് ആരംഭിക്കുന്ന യാത്ര സെപ്റ്റംബര്‍ ഏഴിനു തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാനത്തെ 32 രൂപതകളിലൂടെയും കടന്നുപോകുന്ന യാത്ര സമൂഹത്തിലെ നാനാതുറകളിലുമുള്ള പ്രശ്നങ്ങളെയും വികസനങ്ങളെയും ചര്‍ച്ച ചെയ്യും.
ലഹരിക്കെതിരേ പോരാടുക, യുവജന മുന്നേറ്റം, വര്‍ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരേ, മലയോര-തീരദേശ-ദളിത് ജനതയുടെ അവകാശ സംരക്ഷണം, വര്‍ഗീയതയ്ക്കെതിരെ ബഹുസ്വരതയുടെ ശബ്ദമാകുവാന്‍, ഭരണഘടന അവകാശം ഉറപ്പാക്കുക, കേരള വികസന രേഖ തയാറാക്കല്‍ എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്.
അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കെസിവൈഎമ്മിലെ മികച്ച നേതാക്കളെ നാടിനു പരിചയപ്പെടുത്താനും യാത്ര ലക്ഷ്യം വയ്ക്കുന്നു. 28നു കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്ന യാത്ര 30ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലയിലൂടെ സഞ്ചരിക്കും.
31നു പാലക്കാട്, സെപ്റ്റംബര്‍ ഒന്നിന് തൃശൂര്‍, രണ്ടിന് എറണാകുളം, മൂന്നിന് ഇടുക്കി, കോട്ടയം, നാലിനു കോട്ടയം, ആലപ്പുഴ, ആറിനു പത്തനംതിട്ട, കൊല്ലം, ഏഴിനു തിരുവനന്തപുരത്തെ യാത്രയ്ക്കുശേഷം സമാപിക്കും.