കോൺഗ്രസിന്റെ തീരുമാനം കേരള രാഷ്ട്രീയചരിത്രത്തിൽ രേഖപ്പെടുത്തും: വി.ഡി. സതീശൻ
Tuesday, August 26, 2025 1:50 AM IST
തിരുവല്ല: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതിലൂടെ തങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ആള്‍ക്കെതിരേയാണ് നടപടിയെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പാര്‍ട്ടിയുടെ മുന്‍നിരയില്‍ നില്ക്കുന്ന ഒരാളെ രക്ഷപ്പെടുത്താന്‍ ഒരു ശ്രമവും നടത്താതെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കോണ്‍ഗ്രസ് ഈ തീരുമാനം എടുത്തത്. അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തുക തന്നെ ചെയ്യും.
സിപിഎം നേതാക്കള്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടു പോലും അവരൊക്കെ സ്ഥാനങ്ങളില്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ആരോപണവിധേയര്‍ ഇരിക്കുകയാണ്. ഇപ്പോള്‍ രാഹുലിന്റെ രാജി ആവശ്യപ്പെട്ട സിപിഎം വനിതാ നേതാക്കളാരും ആരോപണവിധേയരായ തങ്ങളുടെ നേതാക്കള്‍ക്കെതിരേ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല.
ആരോപണവിധേയര്‍ക്കെതിരേ ഒരു നോട്ടീസ് നല്കാന് പോലും സിപിഎം തയാറായിട്ടില്ല. ആരോപണവിധേയര്‍ സിപിഎമ്മില്‍ ഇരിക്കുമ്പോഴാണ് കോണ്‍ഗ്രസ് കര്‍ശന നടപടി എടുത്തത്.
അതാണ് കേരളത്തിലെ കോണ്‍ഗ്രസ്. അത് അടയാളപ്പെടുത്തിയാല്‍ മതി. ഉമ തോമസ് എംഎല്‍എ അടക്കമുള്ളവര്‍ പറഞ്ഞത് അവരുടെ അഭിപ്രായമാണ്.
ഒരു സ്ത്രീ പോലും സൈബറിടത്തില്‍ ആക്രമിക്കപ്പെടരുതെന്നതാണ് കോണ്‍ഗ്രസ് നിലപാട്. എത്ര വനിതാ മാധ്യമ പ്രവര്‍ത്തകരെയാണ് സിപിഎം സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചതെന്നും അദ്ദേഹം ചോദിച്ചു.