രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ; രാജിവച്ച് രാജിയാക്കും?
Sunday, August 24, 2025 2:12 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സ്ത്രീപീഡന ആരോപണങ്ങൾ തുടർച്ചയായി വരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന തീരുമാനത്തിലേക്കു കോണ്ഗ്രസ് എത്തിയതായി സൂചന.
രാഹുലിനെതിരേ തുടർച്ചയായി വരുന്ന ആരോപണങ്ങൾ കോണ്ഗ്രസ് പാർട്ടിയെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് രാജിയിലേക്കു നീങ്ങാൻ ഹൈക്കമാൻഡ് നിർദേശപ്രകാരം സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിൽ ധാരണയായത്.
എംഎൽഎ സ്ഥാനവും ഒഴിയേണ്ടിവരുമെന്ന വിവരം വൈകാതെ രാഹുലിനെ കെപിസിസി നേതൃത്വം അറിയിക്കും. അടുത്ത ദിവസങ്ങളിൽ തന്നെ രാജിയുണ്ടാകുമെന്നാണു വിവരം. വിവാദം തുടങ്ങിയ നാളുകളിൽ രാഹുൽ യൂത്ത് കോണ്ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞിരുന്നു.
ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുന്നതും ഇല്ലെങ്കിൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തുന്നതുമായ ഓഡിയോ സന്ദേശം ഇന്നലെ പുറത്തുവന്നതോടെയാണ് എംഎൽഎ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്ന നിലപാടിലേക്ക് നേതാക്കൾ നീങ്ങിയത്. രാജിക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഭംഗ്യന്തരേണ സൂചിപ്പിക്കുകയും ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിരന്തരമായി ഉയരുന്ന സ്ത്രീപീഡന ആരോപണങ്ങൾ സംസ്ഥാനത്തു പാർട്ടിയെ കടുത്ത പ്രതിരോധത്തിലേക്കു തള്ളിവിടുന്നതായി വി.ഡി. സതീശൻ അടക്കമുള്ള നേതാക്കൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി സംസാരിച്ചു. പ്രശ്നം രമ്യമായി പരിഹരിക്കാൻ ആവശ്യമായ തീരുമാനം സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്തു കൈക്കൊള്ളാൻ കെപിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
തുടർന്നു മുതിർന്ന നേതാക്കളുമായി സണ്ണി ജോസഫ് നടത്തിയ ചർച്ചയിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന നിലപാട് ഭൂരിപക്ഷവും സ്വീകരിച്ചു. 2024 നവംബർ 23നാണ് പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗമായത്.
അതേസമയം, ഇത്ര ഗുരുതരമായ ആരോപണം നേരിടുന്നയാളെ പാർട്ടിയിൽ നിന്നു പുറത്താക്കണമെന്ന അഭിപ്രായവും ചില മുതിർന്ന നേതാക്കൾ ഉയർത്തി. ക്രിമിനൽ സ്വഭാവമുള്ള ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിൽ പോലീസിന് കേസെടുക്കാൻ കഴിയുമെന്ന നിയമോപദേശവും പാർട്ടിക്കു ലഭിച്ചു.
എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ അഭിപ്രായപ്പെട്ടത്. പുറത്തു വരുന്ന ആരോപണങ്ങൾ ഗൗരവമേറിയതാണെന്നു മുൻ എംപി ടി.എൻ. പ്രതാപനും അഭിപ്രായപ്പെട്ടു.
നടി അടക്കമുള്ളവർ പേരെടുത്തു പറയാതെ ആരോപണം ഉന്നയിച്ചതിനു പിന്നാലെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചിരുന്നു. എംഎൽഎ സ്ഥാനം ഒഴിയേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള നേതൃത്വം രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
സിപിഎമ്മിലെ എം. മുകേഷ് ഉൾപ്പെടെയുള്ള എംഎൽഎമാർക്കെതിരേ ഗുരുതര സ്ത്രീപീഡന ആരോപണവും കേസും ഉയർന്ന സാഹചര്യത്തിലും രാജിവയ്ക്കാതെ സിപിഎം സംരക്ഷിച്ചെന്ന വാദമായിരുന്നു അന്നു കോണ്ഗ്രസ് നേതൃത്വം സ്വീകരിച്ചത്. പിന്നാലെയാണ് എല്ലാം തകിടം മറിച്ച് കൂടുതൽ ഗുരുതര ആരോപണങ്ങൾ ഉയർന്നത്.
കെപിസിസി നിർദേശിച്ചു; പത്രസമ്മേളനം ഒഴിവാക്കി
തിരുവനന്തപുരം: ഉയർന്നുവന്ന ആരോപണങ്ങൾ വിശദീകരിക്കുന്നതിനായി ഇന്നലെ പത്തനംതിട്ടയിൽ രാഹൂൽ മാങ്കൂട്ടത്തിൽ വിളിച്ച പത്രസമ്മേളനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദേശത്തെ തുടർന്ന് അവസാന നിമിഷം ഒഴിവാക്കി.
കൂടുതൽ വിശദീകരിച്ചു കുളമാക്കാൻ ശ്രമിക്കേണ്ടതില്ലെന്നും പത്രസമ്മേളനം ഒഴിവാക്കുന്നതാണ് നല്ലതെന്നുമായിരുന്നു സണ്ണി ജോസഫിന്റെ നിർദേശം. തുടർന്നായിരുന്നു ഇന്നലെ വൈകുന്നേരം വിളിച്ചുചേർത്ത പത്രസമ്മേളനം അവസാന നിമിഷം റദ്ദാക്കിയത്.