റംലത്തിന്റെ മരണം: സുഹൃത്ത് അറസ്റ്റിൽ
Saturday, August 23, 2025 1:58 AM IST
അമ്പലപ്പുഴ: ഒറ്റയ്ക്കു താമസിച്ചുവന്ന സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ് സുഹൃത്ത് അറസ്റ്റില്‍.
മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍വീട് അബൂബക്കറിനെ (68)ആണ് അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 17നായിരുന്നു പുറക്കാട് പഞ്ചായത്ത് 12 -ാം വാര്‍ഡില്‍ ചെമ്പകപള്ളി വീട്ടില്‍ റംലത്തി(58)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒറ്റപ്പന ജുമാ മസ്ജിദ് ജീവനക്കാരന് അബൂബക്കര്‍ ശനിയാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി റംലത്തിനെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കടുത്ത ശ്വാസതടസമുണ്ടായതാണ് മരിക്കാൻ കാരണം. ദീര്‍ഘനാളായി കടുത്ത ആസ്ത്മ രോഗത്തിനടിമയായിരുന്നു റംലത്ത്. മരിച്ചതിനു ശേഷം ഇദ്ദേഹം റംലത്തിന്റെ മൃതദേഹം മുഖം വരെ വസ്ത്രംകൊണ്ട് മൂടിയ ശേഷം തെളിവ് നശിപ്പിക്കാനായി മുറിയില്‍ മുളക് പൊടി വിതറിയിരുന്നു. മരണവിവരം പുറത്തറിഞ്ഞ സമയം മുതല്‍ ഇയാൾ ഇവിടെയുണ്ടായിരുന്നു. മരണത്തില്‍ ദുരൂഹത വന്നതോടെ പലരെയും ചോദ്യം ചെയ്തപ്പോള്‍ അബൂബക്കറിനെയും രണ്ടു തവണ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
പിന്നീട് റംലത്തിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ തവണ റംലത്തിനെ ഫോണ്‍ ചെയ്തിരുന്നത് അബൂബക്കറാണെന്നു വ്യക്തമായി. ശനിയാഴ്ച രാത്രിരണ്ടു തവണ അഞ്ച് മിനിറ്റോളം ഫോണ്‍ ചെയ്തിരുന്നതായും കണ്ടെത്തി. തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
ശനിയാഴ്ച രാത്രി 12ഓടെയാണ് അബൂബക്കര്‍ റംലത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡനശ്രമം നടത്തിയത്. മരണശേഷം ഇയാൾ തന്റെ ഉടുപ്പും കൈലിയും കിറ്റില്‍ പൊതിഞ്ഞു പള്ളിയുടെ പാചകപ്പുരയില്‍ ഒളിപ്പിച്ചിരുന്നു. ഇതു പോലീസ് കണ്ടെടുത്തു.
രണ്ടുമൂന്നു ദിവസങ്ങളായി റംലത്ത് പറഞ്ഞു പറ്റിക്കുന്നു എന്നു തോന്നിയതുകൊണ്ടാണ് രാത്രി അടുക്കളയുടെ കതക് തള്ളിത്തുറന്ന് അകത്തു കയറി റംലത്തിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു.
റംലത്തിന് മറ്റ് ആരെങ്കിലുമായി ബന്ധമുള്ളതായും ഇയാള്‍ക്കു സംശയമുണ്ടായിരുന്നു. റംലത്തിന്റെ ഫോണ്‍ എവിടെയാണ് കളഞ്ഞതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. വിശദമായ അന്വേഷണത്തിനായി പ്രതിയെ പോലീസ് അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.