ഹയറുമ്മ തിരോധാനക്കേസില്‍ അന്വേഷണത്തിനു പ്രത്യേക സംഘം
Saturday, August 23, 2025 1:11 AM IST
ചേര്‍ത്തല: ചേര്‍ത്തലയില്‍ നിന്നു കാണാതായ റിട്ടയേര്‍ഡ് പഞ്ചായത്തു ജീവനക്കാരി ഹയറുമ്മ (ഐഷ) കേസില്‍ സമഗ്ര അന്വേഷണത്തിനു പോലീസ്. ഇതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തില്‍ ചേര്‍ത്തല സ്റ്റേഷന് ഓഫീസര്‍ ജി. അരുണിന്റെ നേതൃത്വത്തില്‍ സബ് ഇന്സ്പക്ടറടങ്ങുന്ന ഒമ്പതംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്പെഷല്‍ ബ്രാഞ്ചില്‍നിന്നും എസ്എസ്പിയില്നിന്നും പ്രത്യേക പരിശീലനം ലഭിച്ചവരെയാണ് സംഘത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
ഏറ്റുമാനൂരില്‍നിന്നു കാണാതായ ജെയ്നമ്മ, ചേര്‍ത്തല സ്വദേശി ബിന്ദുപദ്മനാഭന് എന്നിവര്‍ കൊല്ലപ്പെട്ടതു പോലെ ഐഷയും കൊല്ലപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ജെയ്നമ്മ കേസില്‍ കൊലക്കുറ്റത്തിനു കേസെടുത്ത് വസ്തു ഇടനിലക്കാരന് പള്ളിപ്പുറം ചൊങ്ങംതറ കെ.എ. സെബാസ്റ്റ്യന്‍ റിമാന്‍ഡിലാണ്. ബിന്ദു പദ്മനാഭന് കേസിലും സെബാസ്റ്റ്യനെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാന്‍ നടപടികളായി. ഐഷകേസിലും സെബാസ്റ്റ്യന്റെ ബന്ധത്തിനു സൂചനകള്‍ ലഭിച്ചതായാണ് പ്രാഥമിക വിവരം.
പഞ്ചായത്തില്‍നിന്നു വിരമിച്ച ഐഷ 2012 മെയ് വരെമാത്രമാണ് പെന്ഷന് വാങ്ങിയിരിക്കുന്നത്. മെയ് 13 നാണ് ഇവരെ കാണാതാകുന്നത്. അതിനാല്‍ മെയ്മാസത്തില്‍ തന്നെ ഇവര്കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഇവര്‍ ജീവിച്ചിരുന്നെങ്കില്‍ പെന്ഷന് തുക കൃത്യമായി പിന്‍വലിക്കുമായിരുന്നു. ഇവരുടെ പെന്ഷന് 2016 വരെ ട്രഷറിയിലെ അക്കൗണ്ടിലേക്കെത്തിയിരുന്നു. ഇത് ആരും കൈപ്പറ്റിയിട്ടില്ല. ഇവര്‍ക്കുണ്ടായിരുന്ന വായ്പയിലേക്ക് ട്രഷറി അക്കൗണ്ടില്‍നിന്നു പണം പോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ബിന്ദുപദ്മനാഭന് കേസില്‍ ആദ്യഘട്ട അന്വേഷണം നടത്തിയ പോലീസിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. അന്വേഷണം അട്ടിമറിച്ച് സെബാസ്റ്റ്യനു രക്ഷപ്പെടാന്‍ അവസരമൊരുക്കിയതായാണ് വിമര്‍ശനം.
ഇതാണ് ജയ്നമ്മ കൊലപാതകത്തിനുൾപ്പെടെ സാഹചര്യമൊരുക്കിയതെന്നതടക്കം പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പോലീസിന്റെ കളങ്കംമാറ്റാന് സെബാസ്റ്റ്യനെ കുറിച്ചുള്ള സമഗ്ര അന്വേഷണത്തിനു തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ജെയ്നമ്മ, ബിന്ദുപദ്മനാഭന് കേസുകള്‍ കോട്ടയം, ആലപ്പുഴ ക്രൈംബ്രാഞ്ച് വിഭാഗങ്ങളാണ് അന്വേഷിക്കുന്നത്.
സെബാസ്റ്റ്യന്‍ ഇടനിലയായി നടത്തിയിട്ടുള്ള പല സ്ഥലമിടപാടുകളിലും വമ്പന്‍ തിരിമറികളും നികുതിവെട്ടിപ്പുകളും നടന്നിരുന്നു. 2002 മുതല്‍ നടത്തിയിട്ടുള്ള ഇടപാടുകള്‍ പരിശോധിക്കുന്നുണ്ട്.
2013 ല്‍ ഇടപ്പള്ളിയില്‍ ബിന്ദു പത്മനാഭന്റെ പേരിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന ഭൂമി ഇയാള്‍ ആള്‍മാറാട്ടം നടത്തി വ്യാജരേഖകളുണ്ടാക്കി വ്യാജ പ്രമാണമാക്കി കച്ചവടം നടത്തിയിരുന്നു. ഇതില്‍ കേസ് നടക്കുകയാണ്.
ഇതിന്റെ അന്വേഷണത്തിലും അട്ടിമറികള്‍ നടന്നതായാണ് ആരോപണം. പ്രമാണം വ്യാജമാണെന്നു തെളിഞ്ഞെങ്കിലും ഇതു റദ്ദാക്കാനായിരുന്നില്ല. ഇത്തരത്തില്‍ പല ഇടപാടുകളും ആദ്യഘട്ട അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല.