രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാന പദവിയിൽ കേരളം
Friday, August 22, 2025 3:17 AM IST
തിരുവനന്തപുരം: കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി വീണ്ടും മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജി കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി അവകാശരേഖകളും പ്രധാന സർട്ടിഫിക്കറ്റുകളും ഡിജിറ്റൈസ് ചെയ്ത് ഡിജിലോക്കറുമായി ബന്ധിപ്പിക്കും.
ഇത്തരം സംവിധാനങ്ങളും സാർവത്രികമായി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറാൻ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഡിജിറ്റൽ സാക്ഷരതയുടെ തുടർച്ച ഉറപ്പാക്കുന്നതിനായി രണ്ടാം ഘട്ടത്തിൽ ഡിജിറ്റൽ കുറ്റകൃത്യങ്ങളും സോഷ്യൽ മീഡിയ ദുരുപയോഗവും തിരിച്ചറിഞ്ഞ് തടയുന്നതിനായി പരിശീലനം നൽകും. കെ ഫോണിലൂടെ ഇതിനോടകം ഒന്നേകാൽ ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകി. പബ്ലിക് വൈഫൈ ഹോട്ട്സ്പോട്ടുകളും സജ്ജമാക്കി. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് ഇത്തരം സേവനങ്ങൾ നടപ്പാക്കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ തൊള്ളായിരത്തോളം സർക്കാർ സേവനങ്ങൾ ഓൺലൈനാക്കി. ഇതുകൂടാതെ കെ സ്മാർട്ടിലൂടെയും സേവനങ്ങൾ നൽകിവരുന്നുണ്ട്. ഓഫീസുകളിൽ കയറിയിറങ്ങാതെതന്നെ ജനന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങി നിരവധി സർട്ടിഫിക്കറ്റുകളും പോലീസിന് ഉൾപ്പെടെ പരാതി കൈമാറുന്നതിനും കഴിയും. പ്രവാസികൾക്ക് നാട്ടിൽവരാതെതന്നെ സേവനങ്ങൾ ലഭ്യമാക്കാനായി. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. ഇത്തരത്തിലുള്ള നേട്ടങ്ങളിലൂടെ വൈജ്ഞാനിക നൂതനത്വ സമൂഹം രൂപപ്പെടുത്തുന്നതിലേക്ക് നമുക്ക് മുന്നേറാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കംപ്യൂട്ടറും മൊബൈൽഫോണും ഇന്റർനെറ്റും ഉപയോഗിക്കാനുള്ള അറിവും ഇന്റർനെറ്റിലൂടെ ആശയവിനിമയം നടത്താനുള്ള കഴിവുമാണ് ഡിജിറ്റൽ സാക്ഷരതയുടെ മാനദണ്ഡം. രാജ്യത്ത് 38 ശതമാനം കുടുംബങ്ങൾ മാത്രമാണ് ഡിറ്റൽ സാക്ഷരത നേടിയത്. ഇത് മനസിലാക്കുമ്പോഴാണ് കേരളത്തിന്റെ നേട്ടത്തിന്റെ മഹത്വം തിരിച്ചറിയാനാകുക. നേട്ടത്തിനു പിന്നിൽ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച യുവജനങ്ങളേയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
പരിപാടിയിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായിരുന്നു. നവ ഡിജിറ്റൽ സാക്ഷരനായ 105 വയസുകാരനായ എറണാകുളത്തെ അബ്ദുള്ള മൗലവിയുമായി മുഖ്യമന്ത്രി വേദിയിൽവച്ച് വീഡിയോകോളിലൂടെ സംസാരിച്ചു.
75 വയസുകാരായ തിരുവനന്തപുരത്തെ ശാരദാ കാണിയും നിഷാ കാണിയും മുഖ്യമന്ത്രിക്കൊപ്പം വേദിയിൽ സെൽഫിയെടുത്തു. പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച വകുപ്പ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി.
ഡിജി കേരളത്തിന്റെ രണ്ടാഘട്ടത്തിന്റെ ഭാഗമായി കെ സ്മാർട്ടിൽ എല്ലാ കുടുംബങ്ങൾക്കും ഐഡി നൽകുന്നതിനും എല്ലാ സേവനങ്ങളും ഓരോ കുടുംബവും മറ്റുള്ളവരുടെ സഹായമില്ലാതെ ഓൺലൈൻ ആയി അനുഭവവേദ്യമാക്കുന്നതിനും നടപടി സ്വീകരിക്കും.