ഓണമൂട്ടാന്‍ വാഴയിലവിപണി ഉണരുന്നു
Friday, August 22, 2025 2:16 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: ഓണക്കാലമെത്തിയതോടെ വാഴയിലയ്ക്ക് ഡിമാന്‍ഡ്. നാടും നഗരവും ഓണാഘോഷത്തിലേക്കു കടക്കുന്നതോടെ തമിഴ്നാട്ടില്‍നിന്നും ലോഡുകണക്കിനു വാഴയിലയാണ് എത്തുന്നത്.
മലയാളികള്‍ക്ക് തൂശനിലയില്‍ സദ്യയുണ്ടില്ലെങ്കില്‍ തൃപ്തിയാകില്ല. എന്നാല്‍ തൊടിയിലും നാട്ടിലും വാഴയില സുലഭമല്ല. ഒരു ഇലയ്ക്ക് മൂന്നു മുതല്‍ നാലു രൂപ വരെയാണു വില. നാടന്‍ ഇല മൂന്നു രൂപയ്ക്കും ഇതര സംസ്ഥാനത്ത് നിന്നുമെത്തുന്ന ഇല നാലു രൂപയ്ക്കുമാണു വില്പന നടത്തുന്നത്.
തിരുവോണം അടുക്കുന്നതോടെ വാഴയില വില വീണ്ടും ഉയരാമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഓണസദ്യകള് മാത്രമല്ല ചിങ്ങമാസം പിറന്നതോടെ കല്യാണവും ഗൃഹപ്രവേശവുമൊക്കെ വാഴയിലയുടെ വിപണി വില വര്‍ധിപ്പിക്കുന്നുണ്ട്.
ഹോട്ടലുകളില്‍ ഓണസദ്യ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കെല്ലാം വാഴയിലയില്‍ വേണമെന്നതു നിര്‍ബന്ധമാണ്. പാഴ്സല്‍ ഓര്‍ഡര്‍ ചെയ്യുന്നവരും വാഴയില ആവശ്യപ്പെടുന്നുണ്ട്. വാഴയിലയുടെ വില കൂടി ഓണസദ്യയില്‍ പെടുത്തിയാണു വില്പന. ലക്ഷക്കണക്കിനു തൂശനിലകളാണു ചിങ്ങത്തില് വിറ്റുപോകുന്നത്.
ഓണം മുന്നില്‍ കണ്ടു ഇലയ്ക്കുവേണ്ടി മാത്രം വാഴ നടുന്ന കര്‍ഷകര്‍ തമിഴ്നാട്ടിലുണ്ട്. തേനി, മൈസൂരു, തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്നാണു പ്രധാനമായും വാഴയില എത്തുന്നത്.
ഞാലിപ്പൂവന്, കര്‍പ്പൂരവല്ലി എന്നിവയാണ് ഇലയ്ക്കുവേണ്ടി മാത്രം കൃഷിചെയ്യുന്ന ഇനങ്ങള്‍. അടുത്തയാഴ്ചയോടെ സ്കൂള്‍, കോളജ്, അസോസിയേഷനുകള്‍ ഓണസദ്യക്ക് വാഴയിലയുടെ ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.
നാടന്‍ വാഴയിലകള്‍ കുറഞ്ഞതോടെയാണ് തമിഴ്നാട്ടില്‍നിന്നും വാഴയിലകള്‍ എത്തിത്തുടങ്ങിയത്. ഇടക്കാലത്ത് പേപ്പര്‍ വാഴയില വന്നെങ്കിലും ആ ട്രന്‍ഡ് മാറി.
അടപ്രഥമന്‍, പാലട എന്നിവയ്ക്ക് ആവശ്യമായ അട ഉണ്ടാക്കുന്നതിനും വാഴയിലയിലാണ്. ചിങ്ങം ഒഴികെ ഓഫ് സീസണില്‍ ക്ഷേത്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാത്രമാണു പതിവായി വാഴയില വാങ്ങുന്നത്.