ബ്യൂറോക്രസി യജമാനന്മാരല്ല, ജനാധിപത്യസേവകരാണ്: കോടതി
Friday, August 22, 2025 2:15 AM IST
കൊച്ചി: ബ്യൂറോക്രസി യജമാനന്മാരല്ല , ജനാധിപത്യസേവകരാണെന്നും സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നതില്‍ ബ്യൂറോക്രസിക്കു നിര്‍ണായക പങ്കുണ്ടെന്നും ഹൈക്കോടതി.
ജന പ്രതിനിധികളുടെ ഭരണത്തിനൊപ്പം ഉദ്യോഗസ്ഥരില്‍നിന്ന് മനുഷ്യത്വപരമായ സമീപനംകൂടി ഉണ്ടാകുമ്പോഴേ ജനാധിപത്യം വിജയിക്കൂ. ഉദ്യോഗസ്ഥരില്‍ മാനുഷിക സ്പര്‍ശം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാരുകള്‍ പരാജയമായി മാറുമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് പറഞ്ഞു.
തഹസില്‍ദാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാരോപിച്ചു രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊല്ലം പട്ടത്താനം സ്വദേശി മണിലാലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണു നിരീക്ഷണം. വിചാരണ നേരിടണമെന്ന കൊല്ലം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരേ മണിലാല്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
ഹര്‍ജിക്കാരന്റെ 76കാരനായ ഭാര്യാപിതാവ് മൂന്നു സെന്റ് സ്ഥലം പോക്കുവരവ് ചെയ്യാന്‍ ഒന്നര വര്‍ഷം മുമ്പ് നല്കിയ അപേക്ഷ സാങ്കേതികകാരണങ്ങള്‍ പറഞ്ഞു തഹസില്‍ദാര്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് 2020ല്‍ താലൂക്ക് ഓഫീസില്‍ നടന്ന അദാലത്തില്‍ പങ്കെടുക്കാന്‍ ഹര്‍ജിക്കാരനും അപേക്ഷകനും പോയിരുന്നു.
അപേക്ഷകനൊപ്പം മറ്റൊരാളുടെ സാന്നിധ്യം പാടില്ലെന്നു പറഞ്ഞ് തഹസില്‍ദാര്‍ തെളിവെടുപ്പിനു വിസമ്മതിച്ചതോടെ ബഹളംവച്ചെന്നും ക്ലര്‍ക്കില്‍നിന്ന് ഫയല്‍ പിടിച്ചുവാങ്ങി മേശപ്പുറത്തേക്ക് ഇട്ടെന്നും കസേര നിലത്തടിച്ചെന്നും ആരോപിച്ചു ഹര്‍ജിക്കാരനെതിരേ കേസെടുത്തു.