ഭരണഘടനാ ഭേദഗതി രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാൻ: ചെന്നിത്തല
Thursday, August 21, 2025 2:02 AM IST
തിരുവനന്തപുരം: 130-ാം ഭരണഘടനാ ഭേദഗതി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻവേണ്ടിയുള്ളതാണെന്ന് കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല.
കേന്ദ്ര അന്വേഷണ ഏജൻസികളെയെല്ലാം രാഷ്്ട്രീയ എതിരാളികളെ വേട്ടയാടാൻ ഉപയോഗിക്കുന്ന ഈ സർക്കാരിന്റെ ഉദ്ദേശ്യം തന്നെ കള്ളക്കേസുകളുണ്ടാക്കി രാഷ്്ട്രീയ എതിരാളികളെ ജയിലിലടയ്ക്കുകയെന്നതാണ്. അതാണ് പുതിയ ബിൽ അവതരിപ്പിക്കുന്നത്.
ഇഡി ഇതുവരെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ജയിലലടയ്ക്കുകയും ചെയ്തു. നിരവധി രാഷ്്ട്രീയ നേതാക്കൾ കൂറുമാറി ബിജെപിയിൽ എത്തുന്നതിനുവേണ്ടി ഈ ഏജൻസികൾ രാപകൽ പണിയെടുത്തു.
ഈ ഏജൻസികൾ അറസ്റ്റ് ചെയ്യുന്നവർ കുറഞ്ഞത് 90 ദിവസം വരെ ജയിലിൽ കിടക്കാറുണ്ട്. കേസ് തെളിഞ്ഞാലും തെളിഞ്ഞില്ലെങ്കിലും കടുത്ത വകുപ്പുകൾ ചുമത്തിയുള്ള അറസ്റ്റ് മാത്രം മതിയാകും രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാൻ എന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.