ഗജകേസരി ഈരാറ്റുപേട്ട അയ്യപ്പന് ഇനി ഓര്‍മച്ചിത്രം
Wednesday, August 20, 2025 2:22 AM IST
ഈരാറ്റുപേട്ട: ഉത്സവങ്ങളിലും പൂരങ്ങളിലും ഗജമേളകളിലും ആരാധകരുടെ മനം കവര്‍ന്ന ഗജകേസരി ഈരാറ്റുപേട്ട അയ്യപ്പന് ഓര്‍മച്ചിത്രമായി. കുറേ മാസങ്ങളായി ചികിത്സയിലായിരുന്ന അയ്യപ്പന് ഇന്നലെ രാവിലെയാണു ചരിഞ്ഞത്.
വനം, മൃഗ വകുപ്പുകാരെത്തി പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ഇന്ന് മറവു ചെയ്യും. ഗജരാജന്‍, ഗജോത്തമന്, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍, ഐരാവതസമന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ തനി നാട്ടാനയാണ് അയ്യപ്പന്.
നിലത്തിഴയുന്ന തുമ്പിക്കൈ, ശാന്തസ്വഭാവം, കരി ഉടല്, അമരംകവിഞ്ഞും നീണ്ട വാലും കൊമ്പും തുടങ്ങി മിക്ക ഗജലക്ഷണങ്ങളും ഒത്തുകിട്ടിയ കൊമ്പനായിരുന്നു. തിരുനക്കര, തൃശൂര്‍ പൂരങ്ങളില്‍ അവന്റെ വരവും നടത്തവും തലപ്പൊക്കവും ചിത്രത്തിലും വീഡിയോയും പകര്ത്തിസൂക്ഷിക്കുന്ന ആരാധകരേറെയാണ്.
കോടനാട് മലയാറ്റൂര്‍ വനത്തില്‍നിന്നു കിട്ടിയ ആനക്കുട്ടിയെ 1977 ഡിസംബര്‍ 20ന് ലേലത്തില്‍ വാങ്ങിയത് ഈരാറ്റുപേട്ട തീക്കോയി പരവന്പറമ്പില് വെള്ളൂക്കുന്നേല്‍ ജോസഫ് പി. തോമസും (കുഞ്ഞൂഞ്ഞ്) ഭാര്യ ഈത്താമ്മയും ചേര്‍ന്നാണ്.
കോടനാട് ആനക്കളരിയിലെ അവസാന ലേലംവിളിയിലൂടെ തീക്കോയി വെള്ളൂക്കുന്നേല്‍ വീട്ടിലെത്തിയ ആരാം എന്ന കുറുമ്പന് തിന്നും കുടിച്ചും ഒത്ത കൊമ്പനായി. ലേലം കൊള്ളുമ്പോള്‍ അയ്യപ്പന് ഏഴു വയസിനടുത്തായിരുന്നു പ്രായം.
തീക്കോയിലെത്തി വീട്ടുകാരുടെയും നാട്ടുകാരുടെയും മനംകവരാന്‍ അധികകാലം വേണ്ടിവന്നില്ല. കാലപ്രയാണത്തില്‍ അയ്യപ്പന് കേരളത്തില്‍ നൂറിലേറെ പ്രമുഖ ക്ഷേത്ര ഉത്സവങ്ങളിലെ തിടമ്പേറ്റുകാരനായി.
ഉത്സവങ്ങള്‍ കൊടിയിറങ്ങി അയ്യപ്പന് ഈരാറ്റുപേട്ടയിലെത്തുന്നതു മുതല്‍ നാട്ടുകാര്‍ക്ക് ഉത്സവമാണ്. നാട്ടിലും വീട്ടിലും അവന്റെ നില്‍പ്പും ചെവിമുറം വീശും അസാമാന്യമായ അഴകായിരുന്നു. അരുവിത്തുറ പള്ളി തിരുനാളുകളില്‍ ഗീവര്‍ഗീസ് പുണ്യവാളന്റെ രൂപം എഴുന്നള്ളിക്കുന്ന വേളയില്‍ അനുഗ്രഹം തേടി ഉടമയും പാപ്പാനും അയ്യപ്പനെ പള്ളിമുറ്റത്തേക്ക് ആനയിച്ചിരുന്നു.
ഇന്നലെ അയ്യപ്പന്റെ നിശ്ചല ശരീരം കാണാനും കണ്ണീരോടെ ഒട്ടേറെ ആനപ്രേമികള്‍ ഉടമയുടെ വീട്ടിലെത്തി. ദീര്‍ഘയാത്രകള്‍ക്ക് ഉപയോഗിച്ചിരുന്ന സെന്റ് ജോര്‍ജ് ആനലോറിയും അതിലെ ഐരാവതസമന്‍ ഈരാറ്റുപേട്ട അയ്യപ്പന് എന്ന ബോര്‍ഡും മറ്റൊരു നൊമ്പരക്കാഴ്ചയായി.