പൗരത്വം തെളിയിക്കാൻ പുതിയ തിരിച്ചറിയൽ കാർഡ്
Wednesday, August 20, 2025 2:22 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: രാജ്യത്തെ പൗരന്മാർക്ക് അവരുടെ പൗരത്വം തെളിയിക്കാനുള്ള പുതിയ തിരിച്ചറിയൽ കാർഡ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. അർഹരായ എല്ലാവർക്കും സ്മാർട്ട് സിറ്റിസൺഷിപ്പ് കാർഡ് നൽകാനാണ് പദ്ധതി.
നിലവിൽ രാജ്യത്തു നടന്നുവരുന്ന സെൻസസ് പൂർത്തീകരിച്ച ശേഷമായിരിക്കും കാർഡിന് അന്തിമരൂപം നൽകുക. സാധുവായ രേഖകൾ ഉള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും സ്മാർട്ട് സിറ്റിസൺഷിപ്പ് കാർഡ് നൽകും. അതിനു ശേഷം ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന ഏകവും അന്തിമവുമായ രേഖ ഈ കാർഡ് ആയിരിക്കും.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കാർഡ് നിർമിക്കുക. ഇത് വ്യാജമായി നിർമിക്കുക അസാധ്യമാക്കുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്യുന്നത്.
രാജ്യത്ത് നിലവിലുള്ള ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവ പൗരത്വം തെളിയിക്കാൻ പര്യാപ്തമല്ല എന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ ഇതിനായി പുതിയ കാർഡ് ഏർപ്പെടുത്താൻ പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇത് വരുന്നതോടെ രാജ്യത്ത് നിലവിലുള്ള ഒരു കാർഡും സർക്കാർ റദ്ദാക്കുകയുമില്ല. ഓരോ കാർഡുകളും അതിന്റെ പ്രത്യേക ആവശ്യങ്ങൾക്കു മാത്രമായി ഉപയോഗിക്കുന്നത് തുടരും.
ബാങ്കിംഗ് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് മാത്രമായി ആധാർ കാർഡ് ഉപയോഗിക്കാനാകും. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് മാത്രമായി വോട്ടർ ഐഡി കാർഡിന്റെ ആവശ്യം നിജപ്പെടുത്തും. പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യധാന്യങ്ങൾ വാങ്ങുനതിനു മാത്രം റേഷൻ കാർഡ് ഉപയോഗിക്കാം.
ആദായനികുതി സംബന്ധമായ കാര്യങ്ങൾക്ക് പാൻ കാർഡും പ്രയോജനപ്പെടുത്താനാകും. സ്മാർട്ട് സിറ്റിസൺഷിപ്പ് കാർഡ് പൗരത്വം തെളിയിക്കാൻ മാത്രമേ ഉപയോഗിക്കാനാകൂ.
ആധാർ, വോട്ടർ ഐഡി, പാൻകാർഡ്, റേഷൻ കാർഡ് എന്നിവയിലെ സർക്കാർ ഡേറ്റാബേസുകളിൽ നിന്ന് വിവരങ്ങൾ വ്യാപകമായി ചോരുന്നുണ്ട്. മാത്രമല്ല എല്ലാത്തിന്റെയും വ്യാജ തിരിച്ചറിയൽ കാർഡുകളും സൃഷ്ടിക്കപ്പെടുന്നു.
ഇത് ഈ രേഖകളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായതിനാലാണ് പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായ തിരിച്ചറിയൽ സംവിധാനം നിർമിക്കുന്നത്. സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടാൻ ഈ കാർഡ് വഴിയായിരിക്കും സാധിക്കുക.