പ്രതിസന്ധികൾക്കു മുന്പിൽ നഷ്്ടധൈര്യരാകരുത്: മാർ റാഫേൽ തട്ടിൽ
Tuesday, August 19, 2025 2:04 AM IST
കൊച്ചി: വർധിച്ചുവരുന്ന പ്രതിസന്ധികളുടെ മുമ്പിൽ നഷ്ടധൈര്യരാകരുതെന്നും സുവിശേഷ ദൗത്യത്തിൽനിന്നു നാം പിന്നോട്ടുപോകാൻ പാടില്ലെന്നും സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഓർമിപ്പിച്ചു.
സഭയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തിൽ വന്ന എല്ലാ തീക്ഷ്ണതക്കുറവുകളെയും പരിഹരിച്ചു മുന്നേറണം. സ്വർഗാരോപിതയായ പരിശുദ്ധ മറിയത്തെപ്പോലെ ദൈവഹിതത്തിനു സമ്പൂർണമായി നമ്മെത്തന്നെ സമർപ്പിച്ചുകൊണ്ട് യഥാർഥവും നിഷ്കളങ്കവുമായ സ്വാതന്ത്ര്യം അനുഭവിക്കാൻ ഇടയാകണമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ 31-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സന്ദേശം നൽകുകയായിരുന്നു അദ്ദഹം.
പ്രാർഥനയിലും പരിചിന്തനത്തിലും പരിശുദ്ധാരൂപിയുടെ ഐക്യത്തിൽ മെത്രാന്മാരുടെ സംഘാതാത്മകതയുടെ യഥാർഥ അനുഭവത്തിലേക്കാണ് സിനഡ് ക്ഷണിക്കുന്നത്. ആധുനിക ഇന്ത്യ കൈവരിച്ച പുരോഗതികൾ ശ്രദ്ധേയമാണ്.
സ്വതന്ത്ര ഇന്ത്യയിൽ മതന്യുനപക്ഷങ്ങൾ, പ്രത്യേകിച്ച് ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ, ഛത്തീസ്ഗഡില്‍ വര്‍ധിച്ചുവരുന്ന വർഗീയ ശക്തികളുടെ ആക്രമണങ്ങൾ എന്നിവയെല്ലാം അപലപനീയമാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന സഭാസമൂഹങ്ങളും വ്യക്തികളും തനിച്ചല്ല. അവരുടെ ഒപ്പം എന്നും സഭ ഉണ്ടാകും.
സഭയുടെ അജപാലന ശൈലിയിലും ക്രമീകരണങ്ങളിലും കാലോചിതമായി സ്വീകരിക്കേണ്ട മാറ്റങ്ങളെയും പരിഷ്കരണങ്ങളെയുംകുറിച്ച് ആഴമായി ചിന്തിക്കേണ്ട ദിവസങ്ങളാണിത്. സഭയുടെ സൂനഹദോസാത്മകത അതിന്റെ എല്ലാ അർഥത്തിലും സഭാജീവിതത്തിലും പ്രവർത്തനങ്ങളിലും ആവിഷ്കരിക്കുന്നതിനുവേണ്ട സത്വരമായ നടപടികളെക്കുറിച്ചുള്ള ആലോചനയ്ക്കു സിനഡ് സമ്മളനം ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നു. അതിനുപകരിക്കുന്ന തുറവിയുള്ളതും ഉദാരവുമായ സമീപനം ശുശ്രൂഷാ മേഖലകളിൽ ഉറപ്പുവരുത്തണം. മേജർ ആർച്ച്ബിഷപ് പറഞ്ഞു.
സിനഡിൽ 52 മെത്രാന്മാർ
ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 52 മെത്രാന്മാരാണു സീറോമലബാർ സഭാ സിനഡ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മാനന്തവാടി സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ ധ്യാനചിന്തകളോടെയാണ് സമ്മേളനം ആരംഭിച്ചത്.
തുടർന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ മെത്രാന്മാർ വിശുദ്ധ കുർബാന അർപ്പിച്ചു. ഉച്ചകഴിഞ്ഞു 2.30നായിരുന്നു ഉദ്ഘാടനം. പൗരോഹിത്യത്തിന്റെയും മെത്രാഭിഷേകത്തിന്റെയും ജൂബിലി ആഘോഷിക്കുന്ന മെത്രാന്മാർക്കു മേജർ ആർച്ച്ബിഷപ് അഭിനന്ദനവും സഭയുടെ നന്ദിയും അറിയിച്ചു. സിനഡ് 29നു സമാപിക്കും.