സാംസ്കാരികപ്രവർത്തകർ ഇടപെടേണ്ട സമയം: മന്ത്രി
Monday, August 18, 2025 3:08 AM IST
തൃശൂർ: ഭരണഘടനാമൂല്യങ്ങൾക്കും ബഹുസ്വരതയ്ക്കും എഎതിരായ വെല്ലുവിളികൾക്കെതിരേ സാംസ്കാരികപ്രവർത്തകർ ശക്തമായി ഇടപെടേണ്ട സമയമെന്നു റവന്യുമന്ത്രി കെ. രാജൻ. സാർവദേശീയ സാഹിത്യോത്സവം രണ്ടാംപതിപ്പ് കേരള സാഹിത്യ അക്കാദമിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനുമപ്പുറത്ത് നാം ഉയർത്തിപ്പിടിച്ച ബഹുസ്വരതയെ അടിച്ചമർത്താൻ ഫാസിസ്റ്റ് ശക്തികളെ അനുവദിക്കരുത്. ദേശീയതപോലും തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമം നടക്കുന്നു. അതിനെതിരായ പോരാട്ടങ്ങളിൽ സാംസ്കാരികപ്രവർത്തകർ ഒറ്റപ്പെട്ടുപോകാതിരിക്കാനുള്ള കരുതലുണ്ടാകണമെന്നും നമുക്കു ചുറ്റുമുള്ള സജീവപ്രശ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യാനുള്ള അർഥവത്തായ വേദിയാണു സാഹിത്യോത്സവമെന്നും മന്ത്രി പറഞ്ഞു.
അക്കാദമി ഓഡിറ്റോറിയത്തിന് അദ്ദേഹം കേരള സാഹിത്യ അക്കാദമി എം.ടി. ഓഡിറ്റോറിയം എന്നു നാമകരണം ചെയ്തു.പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രി ആർ. ബിന്ദു ഫെസ്റ്റിവൽ ബുക്ക് കളക്ടർ അർജുൻ പാണ്ഡ്യനു നൽകി പ്രകാശനംചെയ്തു. ഫെസ്റ്റിവൽ ബുള്ളറ്റിൻ സാഹിതി വാർത്താപത്രികയുടെ പ്രകാശനം അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ലളിതകലാ അക്കാദമി ചെയർപേഴ്സൻ മുരളി ചീരോത്തിനു കൈമാറി നിർവഹിച്ചു.
അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഫെസ്റ്റിവൽ പരിപ്രേക്ഷ്യം അവതരിപ്പിച്ചു. വി.എസ്. പ്രിൻസ്, കേരള സംഗീതനാടക അക്കാദമി ചെയർപേഴ്സണ് മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി, നേപ്പാളി എഴുത്തുകാരനായ ഭൂപൻ തപാലിയ എന്നിവർ പ്രസംഗിച്ചു.
രാവിലെ എഴുത്തുകാരൻ വൈശാഖൻ സാഹിത്യോത്സവത്തിന്റെ പതാക ഉയർത്തി.