പാലം നിർമാണത്തിലെ മാറ്റങ്ങൾ: പഠിക്കാൻ വിദഗ്ധ സമിതി
Sunday, August 17, 2025 1:49 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്നതു തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ പാലം നിർമ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഐഐടി, എൻഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയാകും പ്രത്യേക സമിതി രൂപീകരിക്കുക.
പൊതുമരാമത്ത് വകുപ്പിലെ ചീഫ് എൻജിനിയർമാരെ കൂടി സമിതിയിൽ ഉൾപ്പെടുത്താനും മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. നിലവിൽ പിഡബ്ല്യുഡി മാന്വലിൽ നിഷ്കർഷിച്ച കാര്യങ്ങളിൽ എന്തൊക്കെ മാറ്റം വരുത്തണമെന്ന കാര്യം സമിതി പരിശോധിക്കും.
പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിൽ കൂടുതലായി എന്തൊക്കെ സംവിധാനങ്ങൾ ഒരുക്കണമെന്നതും പരിശോധിക്കണം. സമിതി സമയബന്ധിതമായി റിപ്പോർട്ട് നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പാലം നിർമാണ പ്രവൃത്തികളിൽ അപകടങ്ങൾ സംഭവിക്കുന്നതിന് ഉപകരണങ്ങളുടെ സാങ്കേതിക പ്രശ്നങ്ങൾ കൂടി കാരണമാകുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇതേക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാൻ മന്ത്രി നിർദേശിച്ചത്.
യോഗത്തിൽ പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു, ചീഫ് എൻജിനിയർമാർ തുടങ്ങിയവർ പങ്കെടുത്തു.