എഡിഎം നവീൻ ബാബുവിന്റെ മരണം; പുനരന്വേഷണം തള്ളണമെന്ന ദിവ്യയുടെ ഹർജിയിൽ വാദം 23ന്
Sunday, August 17, 2025 1:49 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെെ മരണത്തിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട്, ആരോപണവിധേയയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സമർപ്പിച്ച ഹർജിയിന്മേലുള്ള വിശദമായ വാദം 23 ന് നടക്കും.
ഇന്നലെ ഹർജി പരിഗണിച്ച കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-ഒന്ന് ഇതിന്മേലുള്ള വാദം 23ലേക്കു മാറ്റുകയായിരുന്നു. പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നിരവധി പിഴുവുകളുണ്ടെന്നും പെട്രോൾ പന്പ് സംരംഭകൻ പ്രശാന്തനിൽനിന്നു കൈക്കൂലി വാങ്ങിയെന്ന വ്യാജ കേസ് നിർമിക്കാൻ ശ്രമിച്ചെന്നുൾപ്പടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ പുനരന്വേഷണ ഹർജി നൽകിയത്.
എന്നാൽ പുനരന്വേഷണത്തിനായി ആവശ്യപ്പെടുന്ന ഹർജിയിലെ കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഹർജി തള്ളണമെന്നുമാണു ദിവ്യയുടെ ആവശ്യം. പുനരന്വേഷണത്തിന് ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്ന് പി.പി. ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ ഇന്നലെ കോടതിയിൽ വാദിച്ചു.
ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ വാദങ്ങളാണ് വീണ്ടും ഉന്നയിച്ചിരിക്കുന്നതെന്നും പുതുതായി ഒന്നുമില്ലെന്നും അഡ്വ. കെ. വിശ്വൻ പറഞ്ഞു. എല്ലാ തെളിവകളും പോലീസ് ശേഖരിച്ചതാണ്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ മാത്രം നൽകിയ ഹർജിയാണ് ഇതെന്നും വാദങ്ങൾ ഒന്നും നിലനിൽക്കില്ലെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിക്കു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.