വിദ്യാർഥിനിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കളെയും പ്രതിചേര്‍ത്തു
Friday, August 15, 2025 12:35 AM IST
കോതമംഗലം: കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ മുഖ്യപ്രതി റമീസിന്റെ മാതാപിതാക്കളെയും പോലീസ് പ്രതിചേര്‍ത്തു.
ആലുവ പാനായിക്കുളം തോപ്പില്‍പറമ്പില്‍ റഹീമിനെയും ഭാര്യ ഷെറിനെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണു പ്രതികളാക്കിയിട്ടുള്ളത്. അറസ്റ്റിലാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.
അതേസമയം പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള സുഹൃത്തിനെ പ്രതിയാക്കിയിട്ടില്ല. റമീസിനെ ചോദ്യം ചെയ്തശേഷമാകും ഇയാളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. റിമാൻഡില്‍ കഴിയുന്ന റമീസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയേക്കും.