പാലങ്ങൾ തകരുന്പോൾ മരാമത്ത് മന്ത്രിക്കെതിരേ കേസെടുക്കുമോയെന്നു വി.ഡി. സതീശൻ
Friday, August 15, 2025 12:24 AM IST
തിരുവനന്തപുരം: പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് ആക്ഷേപിച്ചവർ ഭരണത്തിൽ ഇരിക്കുന്പോഴാണ് സംസ്ഥാനത്ത് നിരന്തരമായി പാലങ്ങൾ തകർന്നു വീഴുന്നതെന്നും പാലങ്ങൾ തകർന്നു വീഴുന്പോൾ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരേ കേസെടുക്കാൻ തയാറുണ്ടോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അടുത്തിടെ സംസ്ഥാനത്തു മൂന്നു പാലങ്ങളാണ് തകർന്നു വീണത്. കൊയിലാണ്ടി ചേമഞ്ചേരിയിൽ നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലമാണ് ഇന്നു തകർന്നത്. ഭാഗ്യത്തിന് ആളപായമുണ്ടായില്ല. ഏതാനും ദിവസങ്ങൾക്കു മുൻപാണ് മാവേലിക്കരയിൽ കീച്ചേരികടവ് പാലം തകർന്നു വീണ് രണ്ടു തൊഴിലാളികൾ മരിച്ചത്. നേരത്തേ മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലവും തകർന്നിരുന്നു.
പാലാരിവട്ടത്ത് തകർന്നു വീഴാത്ത പാലത്തിന്റെ പേരിലാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രിയെ കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാൻ പിണറായി സർക്കാർ ശ്രമിച്ചത്. അതേ സർക്കാരിന്റെ കാലത്താണ് അഴിമതി നിർമിതികൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നത്. ഇതിലൊന്നും വകുപ്പ് മന്ത്രിക്ക് ഒരു ബാധ്യതയുമില്ലേ? എല്ലാം ജനം കാണുന്നുണ്ടെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.