അധ്യാപകരുടെ സമരപ്രഖ്യാപന കണ്വൻഷൻ നാളെ
Friday, August 15, 2025 12:24 AM IST
തൃശൂർ: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ തുല്യനീതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 9.30നു സമരപ്രഖ്യാപന കണ്വൻഷൻ നടത്തും.
തൃശൂർ സെന്റ് തോമസ് കോളജിലെ പാലോക്കാരൻ സ്ക്വയറിൽ സിബിസിഐ പ്രസിഡന്റും അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.
സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. ജോയ് അടന്പുകുളം, അതിരൂപത പ്രസിഡന്റ് എ.ഡി. സാജു, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ആന്റണി, ജോഫി മഞ്ഞളി എന്നിവർ പ്രസംഗിക്കും. പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ സമരാഗ്നി തെളിക്കും.
വർഷങ്ങൾ ജോലിചെയ്തിട്ടും വേതനം ലഭിക്കാത്തവരും ദിവസവേതനക്കാരുമായ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.
എയ്ഡഡ് അധ്യാപക നിയമനത്തിൽ ഭിന്നശേഷിസംവരണം നടപ്പാക്കണമെന്ന സർക്കാർ ഉത്തരവിനെത്തുടർന്ന് 2018 മുതലുള്ള സംസ്ഥാനത്തെ അധ്യാപക നിയമനങ്ങൾ തടസപ്പെട്ടു. ഭിന്നശേഷിവിഭാഗത്തിൽനിന്ന് ആവശ്യമായ എണ്ണം അധ്യാപകരെ ലഭിക്കാത്തതു പ്രശ്നം രൂക്ഷമാക്കി. സംവരണത്തിനാവശ്യമായ തസ്തികകൾ മാറ്റിവച്ച് മറ്റു തസ്തികകളിൽ ജോലിചെയ്യുന്ന അധ്യാപകർക്കു നിയമനാംഗീകാരം നൽകാൻ കോടതിവിധിയുണ്ടായി.
ഒരു വിഭാഗം മാനേജ്മെന്റുകളുടെ നിയമനങ്ങൾ അംഗീകരിച്ച സംസ്ഥാനസർക്കാർ ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ നിയമനങ്ങൾ തടഞ്ഞു. നിയമനാംഗീകാരവുമായി ബന്ധപ്പെട്ടു രണ്ടുപേർ ആത്മഹത്യ ചെയ്തെന്നും വിവേചനത്തിനെതിരേയാണു സമരമെന്നും കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ പറഞ്ഞു.