മാസപ്പടി ഇടപാട്; എസ്എഫ്ഐഒ അന്വേഷണരേഖകള്‍ പരാതിക്കാരനു നല്‍കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Thursday, August 14, 2025 3:49 AM IST
കൊച്ചി: സിഎംആര്‍എല്‍ കമ്പനിയുടെ മാസപ്പടി ഇടപാടുകള്‍ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) നടത്തിയ അന്വേഷണത്തിന്റെ ചില രേഖകള്‍ പരാതിക്കാരനായ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനു നല്‍കാനുള്ള വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
തങ്ങളടക്കം കേസിലെ പ്രതികളെ കേള്‍ക്കാതെയാണ് ഏപ്രില്‍ 24ന് ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയില്‍ എറണാകുളം അഡീ. സെഷന്‍സ് കോടതി ഏഴു രേഖകള്‍ അനുവദിച്ചതെന്നു ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ നല്കാന് ഉത്തരവിട്ടെങ്കിലും ചില രേഖകള്‍ നല്കാന് വിസമ്മതിച്ചു. അന്വേഷണം നടക്കുന്നതിനിടെ കേസുമായി ബന്ധമില്ലാത്തയാള്‍ നല്കിയ അപേക്ഷയില്‍ രേഖകള്‍ കോടതിക്ക് അനുവദിക്കാനാകില്ലെന്നായിരുന്നു സിഎംആര്‍എല്ലിന്റെ ഹര്‍ജിയിലെ വാദം.
അതേസമയം, കേസന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ അനുവദിക്കാന്‍ വിസമ്മതിച്ച അഡീ. സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജി തള്ളി. അപേക്ഷ വീണ്ടും പരിഗണിച്ച് സിഎംആര്എലിനെക്കൂടി കേട്ടശേഷം പുതിയ ഉത്തരവ് പുറപ്പെടുവിക്കാനും കോടതി നിർദേശിച്ചു.
രേഖകള്‍ സമ്പാദിച്ചശേഷം മാധ്യമങ്ങള്‍ക്ക് അവ നല്‍കുകയെന്നതാണു പരാതിക്കാരന്റെ ലക്ഷ്യമെന്ന് സിഎംആര്‍എല്‍ കോടതിയെ അറിയിച്ചിരുന്നു. രാഷ്ട്രീയക്കാരനും കേസുമായി ബന്ധമില്ലാത്തയാളുമായ പരാതിക്കാരന് ദുരുദ്ദേശ്യപരമായി നീതിന്യായസംവിധാനത്തെ ഉപയോഗിച്ചു കേസില്‍ കടന്നുകയറുകയാണ്.
സ്ഥാപനത്തിന്റെ അന്തസ് തകര്‍ക്കാനുള്ള ലക്ഷ്യവും പരാതിക്കു പിന്നിലുണ്ടെന്ന് സിഎംആര്‍എല്‍ ചൂണ്ടിക്കാട്ടി. എന്നാൽ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടു താന്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതെന്നും അതിനാല്‍, രേഖകള്‍ നല്കാന് ഉത്തരവിടണമെന്നായിരുന്നു ഷോണിന്റെ ഹർജിയിലെ ആവശ്യം.