മകന്റെ കുത്തേറ്റ് മാതാപിതാക്കൾ മരിച്ചു
Friday, August 15, 2025 12:24 AM IST
ആലപ്പുഴ: മകന്റെ കുത്തേറ്റ് മാതാപിതാക്കള്‍ മരിച്ചു. മകനെ പോലീസ് പിടികൂടി. ആലപ്പുഴ കൊമ്മാടി പനവേലി പുരയിടം വീട്ടിൽ തങ്കരാജ് ( 70) ആഗ്നസ്( 65)എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകനായ ബാബുവിനെ (47) പോലീസ് പിടികൂടി.
അച്ഛനെയും അമ്മയെയും ബാബു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതോടെയാണ് ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ദാരുണമായ കൊലപാതകം നടന്നത്. ഇരുവരുടെയും കരച്ചില്‍കേട്ട് നാട്ടുകാര്‍ ഒടിയെത്തിയപ്പോഴേക്കും പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
നാട്ടുകാര്‍ ആഗ്നസിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തങ്കരാജിന് തെരുവില്‍വച്ചാണ് കുത്തേറ്റത്. തങ്കരാജിനെ പോലീസെത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. തങ്കരാജ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.
ബാബു മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിവരം. കൊലയുടെ കാരണമടക്കമുള്ള വിവരങ്ങള്‍ വ്യക്തമായിട്ടില്ല. കുടുംബവഴക്കാണ് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.