അങ്കണവാടികളിൽ രക്ഷാബന്ധൻദിനം ആചരിക്കണമെന്ന നിർദേശം പിൻവലിച്ചു
Friday, August 15, 2025 12:35 AM IST
കാഞ്ഞങ്ങാട്: സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ അങ്കണവാടികളിൽ രക്ഷാബന്ധൻ ദിനം ആചരിക്കണമെന്ന് ഐസിഡിഎസ് സൂപ്പർവൈസറുടെ നിർദേശം.
കോടോം-ബേളൂർ പഞ്ചായത്തിലാണ് ബിജെപി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ പോലും ഇതുവരെ പറഞ്ഞുകേട്ടിട്ടില്ലാത്ത നിർദേശം വന്നത്.
പഞ്ചായത്തിലെ അങ്കണവാടി ടീച്ചർമാരുടെ വാട്സാപ് ഗ്രൂപ്പിലാണ് സൂപ്പർവൈസറുടെ നിർദേശം വോയിസ് മെസേജായി വന്നത്. അങ്കണവാടികളിലെ കുട്ടികൾ പരസ്പരം രാഖിച്ചരട് കെട്ടി ഈ ഗ്രൂപ്പിൽ ഫോട്ടോ ഇടണമെന്നായിരുന്നു നിർദേശം.
പഞ്ചായത്ത് അധികൃതർ സൂപ്പർവൈസറെ വിളിച്ച് കാര്യമന്വേഷിച്ചതോടെ വോയിസ് മെസേജ് മിനിറ്റുകൾക്കകം ഡിലീറ്റ് ചെയ്ത് സൂപ്പർവൈസർ തടിതപ്പി.