യുഡിഎഫ് വിപുലീകരണ ചർച്ചകൾ കോൺഗ്രസ് പുനഃസംഘടനയ്ക്കുശേഷം: അടൂർ പ്രകാശ്
Friday, August 15, 2025 12:24 AM IST
പത്തനംതിട്ട: കോൺഗ്രസ് പുന:സംഘടനയ്ക്കുശേഷം യുഡിഎഫ് വിപുലീകരണ ചർച്ചകൾ ആരംഭിക്കുമെന്ന് കൺവീനർ അടൂർ പ്രകാശ് എംപി.
പല കക്ഷികളുമായും ചർച്ചകൾ നടക്കുന്നുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എൽഡിഎഫിലെ പല കക്ഷികളും നേതാക്കളും യുഡിഎഫിന്റെ ഭാഗമാകുമെന്നതിൽ തർക്കമില്ല.
ഒരു കക്ഷിയുടെയും പേര് ഇപ്പോൾ പറയാനില്ല. അത് തുടർചർച്ചകളെ ബാധിക്കും. നിലവിൽ യുഡിഎഫ് ശക്തമാണ്. വിപുലീകരണമില്ലെങ്കിലും 2026ൽ പാർട്ടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് അടൂർ പ്രകാശ് പറഞ്ഞു. കോന്നി അടക്കം ഏതു സീറ്റിലും മത്സരിക്കാൻ തയാറാണ്. പാർട്ടി പറയുന്നതാകും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുൻപ് സംസ്ഥാനത്തെ മുഴുവൻ വോട്ടർപട്ടികയും പരിശോധിച്ച് അനധികൃതമായി കടന്നുകൂടിയ വോട്ടുകൾ കണ്ടെത്തും. സിപിഎമ്മിന്റെയും ബിജെപിയുടെയും കള്ളവോട്ട് ശ്രമം പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഇക്കാര്യം കോൺഗ്രസിലും യുഡിഎഫിലും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.