രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാം: മാർ റാഫേൽ തട്ടിൽ
Friday, August 15, 2025 1:20 AM IST
കൊച്ചി: മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മുറിവുകളുണ്ടാകാതിരിക്കാനും മതസൗഹാര്‍ദം നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ടെന്നും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാമെന്നും സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
ഏതൊരു ഇന്ത്യന്‍ പൗരനും അവന് ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാന്‍ ഭരണഘടന ഉറപ്പുനൽകുമ്പോഴും ഭാരതത്തിലെ ക്രൈസ്തവര്‍ രാജ്യത്തിന്റെ പലയിടങ്ങളില്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പീഡിപ്പിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നുവെന്നത് ഒരിക്കല്‍ക്കൂടി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന ഒന്നാണെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മേജർ ആർച്ച്ബിഷപ് പറഞ്ഞു.
മതത്തിന്റെ പേരില്‍ വെട്ടിമുറിവേല്പിക്കപ്പെട്ട ഒരു രാജ്യംകൂടിയാണ് നമ്മുടേത് എന്ന കാര്യവും മറക്കാതിരിക്കാം. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനവും പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണവും ഒരേദിവസം ആചരിക്കാന്‍ ഭാഗ്യം ലഭിച്ചിരിക്കുന്ന അപൂര്‍വം ജനതകളിലൊന്നാണു നമ്മള്. അക്കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം.
പരിശുദ്ധ കന്യാമറിയം മരണശേഷം ശരീരത്തോടും ആത്മാവോടുംകൂടി സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നതാണ് സ്വര്‍ഗാരോപണത്തിരുനാളിലൂടെ നാം വിശ്വസിക്കുന്നത്. കത്തോലിക്കാ സഭയുടെ വിശ്വാസസത്യത്തിന്റെ ഭാഗമാണത്.
കത്തോലിക്കാ സഭ മുറുകെപ്പിടിക്കുന്ന നാലു വിശ്വാസസത്യങ്ങളിലൊന്നാണ് മാതാവിന്റെ സ്വര്‍ഗാരോപണം. സ്വര്‍ഗത്തിലെത്തിച്ചേരാനും മറ്റുള്ളവരെ സ്വര്‍ഗത്തിലെത്തിക്കാനുമുള്ള പ്രചോദനവും പ്രേരണയുമായി നമ്മുടെ ആത്മീയജീവിതത്തില്‍ പരിശുദ്ധ മറിയം നിലയുറപ്പിക്കട്ടെ. ആത്മീയസ്വാതന്ത്ര്യത്തിന്റെ വലിയ വിശാലതയിലേക്ക് അമ്മ നമ്മെ നയിക്കട്ടെ-മാർ തട്ടിൽ പറഞ്ഞു.