അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം, അന്തസ് ഹനിക്കരുത്; ഉത്തരവിൽ വ്യക്തതവരുത്തി ബാലാവകാശ കമ്മീഷൻ
Friday, August 15, 2025 12:24 AM IST
കൽപ്പറ്റ: അധ്യാപകർ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിനു ബാലാവകാശ കമ്മീഷൻ എതിരല്ലെന്നും എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഉത്തരവിലുള്ളതെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ബി. മോഹൻ കുമാർ പറഞ്ഞു.
മറ്റ് കുട്ടികളുടെ മുന്നിൽ വച്ച് ബാഗിലുള്ള സാധനങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നത് പലതരത്തിൽ കുട്ടികൾക്ക് അഭിമാനക്ഷതമുണ്ടാക്കാൻ സാധ്യതയുള്ളതിനാലും ഇത്തരത്തിൽ പരാതി ലഭിച്ചതുകൊണ്ടുമാണ് അത് വിലക്കുന്ന ഉത്തരവുണ്ടായത്. കുട്ടികളുടെ അഭിമാനത്തിനു ക്ഷതമുണ്ടാകാതെ ബാഗ് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബാലാവകാശ കമ്മീഷൻ ജില്ലയിലെ സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി മീനങ്ങാടി പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബി. മോഹൻ കുമാർ.
അധ്യാപകരും ബാലാവകാശ കമ്മീഷനും തമ്മിൽ പ്രശ്നങ്ങളില്ല. കുട്ടികൾക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുന്പോൾ അത് അധ്യാപകർക്ക് എതിരാണെന്ന് തോന്നേണ്ടതില്ല. കുട്ടികളുടെ ഉത്തരവാദിത്തം അധ്യാപകർക്കാണെന്നും വീടുകളിൽ ഉൾപ്പെടെ കുട്ടികളുടെ വ്യക്തിത്വം അംഗീകരിച്ച് തീരുമാനങ്ങളിൽ അവരെക്കൂടി പങ്കാളികളാക്കിയാൽ പല പ്രശ്നങ്ങളും ഇല്ലാതെയാകുമെന്നും അദ്ദേഹം പറഞ്ഞു.
പോക്സോ ഉൾപ്പെടെ കുട്ടികളെ സംബന്ധിക്കുന്ന നിയമങ്ങളെക്കുറിച്ച് എല്ലാ അധ്യാപകർക്കും അവബോധമുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ് പറഞ്ഞു.
കുട്ടികൾ അധ്യാപകരേക്കാൾ മുന്നിൽ നടക്കുന്ന കാലമാണ്. അധ്യാപക അവബോധം ലക്ഷ്യമിട്ട് തുടർപ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ജില്ലയിലെ 87 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ള ഓരോ അധ്യാപകർ വീതമാണ് ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ബാലാവകാശങ്ങൾ, സൈബർ സുരക്ഷ, കുട്ടികളുടെ മാനസികാരോഗ്യം എന്നീ വിഷയങ്ങളിൽ അധ്യാപകർക്ക് പരിശീലന ക്ലാസുകൾ നൽകി.