റാഗിംഗ് നിരോധന നിയമത്തിനു ഭേദഗതി; തടവ് മൂന്നു വർഷം, പിഴ കാൽലക്ഷം
Friday, August 15, 2025 12:35 AM IST
അജി വള്ളിക്കീഴ്
കൊല്ലം: കലാലയങ്ങളിലെ റാഗിംഗ് നിരോധന നിയമത്തിൽ ശിക്ഷ വർധിപ്പിച്ച് ഭേദഗതി വരുത്താൻ സർക്കാർ. നിലവിൽ രണ്ടു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിച്ചിരുന്ന സ്ഥാനത്ത് പുതിയ ഭേദഗതിയിൽ മൂന്നുവർഷം തടവും 25,000 രൂപ വരെ പിഴയുമാണ് ശിക്ഷ നിർദേശിച്ചിട്ടുള്ളത്.
ഇന്റർനെറ്റ് വഴി അരങ്ങേറുന്ന ഡിജിറ്റൽ റാഗിംഗ് ഉൾപ്പെടെ എല്ലാത്തരം റാഗിംഗുകളും ഇനി ഗുരുതര കുറ്റകൃത്യങ്ങളായി കണക്കാക്കും. ഇതിനായി കേരള റാഗിംഗ് നിരോധന ഭേദഗതി ബിൽ 2025ന്റെ കരട് തയാറായി.
1998ലെ കേരള റാഗിംഗ് നിരോധന നിയമം ഭേദഗതി ചെയ്താണ് പുതിയ ബിൽ തയാറാക്കിയത്. യുജിസി ചട്ടങ്ങളും സംസ്ഥാന നിയമങ്ങളും തമ്മിലുള്ള നിയമപരമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ നിയമ വകുപ്പിന്റെ അഭിപ്രായം തേടിയിരിക്കുയാണ്. പുതിയ ബില്ലിൽ റാഗിംഗിന്റെ നിർവചനം വിപുലീകരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ഗൗരവമായി നിർദേശിക്കുകയും ചെയ്യുന്നു.
ശാരീരികവും വാക്കാലുള്ളതുമായ അതിക്രമങ്ങൾക്കപ്പുറം, റാഗിംഗ് ആയി കണക്കാക്കുന്ന പ്രവർത്തനങ്ങളുടെ വിപുലമായ ഒരു പട്ടികതന്നെ ബിൽ പറയുന്നു. നിർദിഷ്ട സെക്ഷൻ 2 പ്രകാരം 19 വിഭാഗം കുറ്റകൃത്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ, ക്രിമിനൽ ഭീഷണി, പുതുതായി എത്തുന്ന വിദ്യാർഥികളെ മദ്യം അല്ലെങ്കിൽ എൻഡിപിഎസ് നിയമ പ്രകാരം നിരോധിച്ചിട്ടുള്ള ലഹരിവസ്തുക്കൾ നിർബന്ധിച്ച് കഴിപ്പിക്കൽ, റാഗിംഗിനായുള്ള പ്രേരണ, ഗൂഢാലോചന, നിയമവിരുദ്ധമായ ഒത്തുചേരൽ എന്നിവയും ഇന്റർനെറ്റ്, ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ മാർഗങ്ങളിലൂടെയുള്ള ഉപദ്രവവും റാഗിംഗ് പരിധിയിൽവരും. ജില്ലാ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല ആന്റി റാഗിംഗ് കമ്മിറ്റികൾ, സ്ക്വാഡുകൾ, മെന്ററിംഗ് സെല്ലുകൾ എന്നിവയും സംസ്ഥാനതല മോണിറ്ററിംഗ് സെല്ലും രൂപീകരിക്കണം. സംസ്ഥാന നോഡൽ ഓഫീസറെ നിയമിക്കാനും ബില്ലിൽ നിർദേശമുണ്ട്.
സ്ഥാപന മേധാവികൾക്ക് റാഗിംഗ് പരാതി കിട്ടി 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണം. പ്രാഥമിക തെളിവുകൾ ഉണ്ടെങ്കിൽ പ്രതിയായ വിദ്യാർഥിയെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും പോലീസിനെ അറിയിക്കണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. ഒരു ഘടനാപരമായ അപ്പീൽ സംവിധാനം പുതിയ സെക്ഷൻ ആറ് ബി യിൽ നൽകിയിട്ടുണ്ട്. ദുരുദ്ദേശ്യത്തോടെ നൽകുന്ന വ്യാജ പരാതികൾക്ക് പുതുതായി ചേർത്തിരിക്കുന്ന സെക്ഷൻ ആറ് സി പ്രകാരം ആറുമാസം വരെ തടവോ പിഴയോ കിട്ടും. സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിർദേശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമപ്രകാരം സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകരെയും സ്ഥാപന അധികാരികളെയും സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാത്ത പ്രോസിക്യൂഷനിൽ നിന്ന് സംരക്ഷിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.