റേഷന്‍ കടകളിൽ മണ്ണെണ്ണ; മൂന്നു മാസത്തിനകം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം: കോടതി
Friday, August 15, 2025 12:24 AM IST
കൊച്ചി: റേഷന്‍ കടകളില്‍ നേരിട്ടു മണ്ണെണ്ണ എത്തിച്ചുനല്‍കുന്നതു സംബന്ധിച്ച് മൂന്നു മാസത്തിനകം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നു ഹൈക്കോടതി.
മൊത്തവിതരണ സ്ഥാപനങ്ങളില്‍ പോയി വ്യാപാരികള്‍ മണ്ണെണ്ണയെടുക്കുന്നത് സാന്പത്തിക ചെലവുണ്ടാക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്.
സംസ്ഥാനത്ത് 240 മൊത്ത വിതരണ കേന്ദ്രങ്ങളുണ്ടായിരുന്നിടത്ത് നിലവില്‍ 30 എണ്ണമേയുള്ളു. ജില്ലകളില്‍ ഒന്നോ രണ്ടോ മൊത്തവിതരണ കേന്ദ്രങ്ങള്‍ മാത്രമാണുള്ളതെന്നതിനാല്‍ മണ്ണെണ്ണ എടുക്കാനായി വ്യാപാരിക്ക് 60 മുതല്‍ 80 കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവരുന്നതായി കോടതി ചൂണ്ടിക്കാട്ടി.
നിലവില്‍ കൊല്ലം ജില്ലയില്‍ നടപ്പാക്കിയതുപോലെയോ മറ്റേതെങ്കിലും തരത്തിലോ മണ്ണെണ്ണ റേഷന്‍ കടകളില്‍ എത്തിച്ചുനല്‍കണമെന്നാണ് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനടക്കം നല്കിയ ഹര്‍ജിയിലെ ഉത്തരവ്.
മണ്ണെണ്ണ എടുക്കാനുള്ള ചെലവ് കണക്കിലെടുത്ത് ലിറ്ററിന് 3.70 രൂപയില്‍നിന്ന് ആറു രൂപയായി ജൂണ്‍ ഒന്നുമുതല്‍ കമ്മീഷന് വര്ധിപ്പിച്ചതെന്നതടക്കം സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഈ വാദങ്ങള്‍ തള്ളിയ കോടതി ഹര്‍ജിക്കാരുടെ വാദം ശരിവച്ചു.