ഡിസിഎൽ ബാലരംഗം
Thursday, August 14, 2025 1:36 AM IST
കൊച്ചേട്ടന്റെ കത്ത്
മക്കളേ, മതിയാക്കാം; ചതിക്കെണി തേടിയുള്ള യാത്രകൾ
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
""ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാൻ എനിക്കു സാധിക്കുന്നില്ല. അവൻ എന്നോട് വീണ്ടും വീണ്ടും സ്നേഹമില്ലെന്നു തെളിയിച്ചു. എന്നോടു മരിച്ചോളാൻ അയാൾ സമ്മതം നൽകി... വീട്ടിൽ ഇനിയും ഒരു ബാധ്യതയായി നിൽക്കാൻ സാധിക്കുന്നില്ല... ഞാൻ പോകുന്നു. അമ്മയും ചേട്ടനും എന്നോടു ക്ഷമിക്കണം. ഞാൻ അപ്പന്റെ അടുത്തേക്കു പോകുവാ.''
എഴുതിയ ആൾ ഒന്നുകൂടി വായിക്കാൻ സാധിക്കാത്ത ഈ കത്ത്, കേരളമനഃസാക്ഷിയെ പൊള്ളിച്ചുകൊണ്ട് ഇന്ന് മലയാളിയുടെ കൺമുന്നിൽ തൂങ്ങിയാടുകയാണ്. ഹൃദയം നുറുങ്ങിയാണ് മലയാളികൾ ഈ കത്ത് വായിച്ചുതീർക്കുന്നത്.
കഴിഞ്ഞദിവസം കോതമംഗലത്ത് ആത്മഹത്യചെയ്ത ഹതഭാഗ്യയായ ഒരു യുവതിയുടെ ആത്മഹത്യാകുറിപ്പിലെ ഏതാനും വാക്യങ്ങളാണ് മേലുദ്ധരിച്ചത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നും ആരുടേയും ആത്മഹത്യകൾ ഒരു പ്രശ്നവും പരിഹരിച്ചിട്ടില്ലെന്നും ആദ്യമേതന്നെ പറഞ്ഞുകൊള്ളട്ടെ.
കൂട്ടുകാരേ, പ്രണയമാണ്, പ്രണയച്ചതിയാണ് വിഷയം. ഒരുപക്ഷേ, പല കൂട്ടുകാരും അനുഭവിച്ചിട്ടുള്ള, അവിസ്മരണീയമായ അനുഭവമായിരിക്കാം പ്രണയം. "ബെസ്റ്റി'യിൽ തുടങ്ങി, ലൈൻ, ഫ്രണ്ട്ഷിപ്പ്, സെറ്റപ്പ്, മുതൽ ബ്രേക്കപ്പ് വരെയുള്ള പ്രണയ നിഘണ്ടുവിലെ പദാവലികൾ മുഴുവൻ മനഃപാഠമാക്കിയവരുമാകാം നിങ്ങളിൽ പലരും.
പ്രണയം മനോഹരമായ ഒരനുഭവമാണ്. എന്നാൽ, പഠനകാലത്തെ പ്രണയലോകത്തിൽ പ്രണയികൾക്ക് ജീവിതം പഠിക്കാനുള്ള മനസില്ല എന്നതല്ലേ, വസ്തുത! കാരണം, ജീവിതം എന്തെന്ന്, പഠിക്കുന്നതിനു മുന്പ്, കൗമാരകാലത്തിന്റെ കൗതുകങ്ങളിൽ വശീകൃതരായി വൈകാരിക ലോകത്തിന്റെ കൗശലങ്ങളിൽ കുരുങ്ങിവീഴുകയാണ് എണ്ണമറ്റ ബാല്യങ്ങൾ!
മാതാപിതാക്കളും മക്കളും തമ്മിൽ "ക്വാളിറ്റി ടൈം' പങ്കുവയ്ക്കപ്പെടുന്ന കുടുംബങ്ങളുണ്ട്. ഹൃദയം തുറന്നുള്ള സംഭാഷണവും തനിച്ച് അഭിമുഖീകരിക്കുന്ന ജീവിതാനുഭവങ്ങളുടെ പരസ്പരം പങ്കുവയ്ക്കലും സംഭവിക്കുന്ന കുടുംബങ്ങളുണ്ട്. മക്കൾക്ക് എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം നൽകുന്ന മാതാപിതാക്കളുണ്ട്.
അത്തരം കുടുംബങ്ങളിലെ മക്കൾക്ക് , കൗമാരത്തിന്റെയും യൗവനത്തിന്റെയും കെണികളിൽനിന്നും രക്ഷപ്പെടാൻ കഴിയുന്നുമുണ്ട്. എന്നാൽ, സ്വാതന്ത്ര്യത്തിന്റെ 78-ാം വർഷത്തിലും നിരവധി മക്കൾ, മാതാപിതാക്കളോടുള്ള മാനസിക അകൽച്ചയിലും ഭീതിയുടെ അടിമത്തത്തിലും ഒന്നും തുറന്നുപറയാൻ പറ്റാതെ, ഒന്നു പങ്കുവച്ചാൽ തീരുന്ന പല ദുഃഖങ്ങളും ദുരനുഭവങ്ങളും സ്വയം വിഴുങ്ങി ജീവിക്കുന്ന കുടുംബങ്ങളുമുണ്ട്.
മാതാപിതാക്കൾ എത്ര ആത്മാർത്ഥമായി സ്നേഹിച്ചാലും ചതിക്കാൻവേണ്ടി പ്രണയം നടിക്കുന്ന ക്രൂരമനസുള്ളവരുടെ കെണിയിൽപ്പെട്ട് അമ്മയേയും അച്ഛനേയും വഞ്ചിക്കുന്ന മക്കളുമുണ്ട്. കുടുംബബന്ധങ്ങൾ കൂടുതൽ ഹൃദ്യവും ദൃഢവുമാക്കുക എന്നതാണ് ഇവിടെ പരിഹാരമാർഗം.
ഇന്നു പ്രണയാഭ്യർത്ഥനകൾ പലതും മനസുചോദ്യമല്ല, ഉടലുചോദ്യമാണ്. പ്രണയിക്കുന്ന വ്യക്തിയുടെ ഹൃദയം തരാമോ, മനസു തരാമോ എന്നൊക്കെയാണ് പഴയകാലത്തെ പ്രണയികൾ കവിതകളിലും കഥകളിലുമൊക്കെ അഭ്യർത്ഥിച്ചിരുന്നത്! എന്നാൽ, ഇന്നു പ്രണയം പലതും ഉടലിലേക്കെത്താനുള്ള ഉപായമൊഴികളായി മാറുകയാണ്. അതുകൊണ്ടുതന്നെ വ്യക്തി, വ്യക്തിത്വം, ആത്മാഭിമാനം, അന്തസ്, സൽപ്പേര്, കുടുംബമഹിമ തുടങ്ങി കുടുംബത്തിൽ ഉള്ളവർക്കുമാത്രം വളർത്തിയെടുക്കാവുന്ന സൽഗുണങ്ങൾക്ക് പല വിദ്യാർഥികളും വിലകൊടുക്കുന്നില്ല.
കൂട്ടുകാരേ, ആ മകൾ പറഞ്ഞതു ശരിയാണ്. ചതിക്കപ്പെട്ടു ജീവിക്കാൻ ആർക്കും എളുപ്പമല്ല. എന്നാൽ, ഈ ചതിയെ സ്വന്തം വിധിയാക്കാതിരിക്കാൻ എല്ലാവർക്കും കഴിയും; ചതിക്കുന്നവനാണോ ചങ്ങാതി എന്നു തിരിച്ചറിഞ്ഞാൽ മാത്രം. സ്വന്തം വീട്ടിൽ മക്കളാരും മാതാപിതാക്കൾക്കു ബാധ്യതയല്ല, കുടുംബത്തിന്റെ സന്പത്താണ്, അന്തസാണ്, സൗഭാഗ്യമാണ്. ഉറച്ച ദൈവവിശ്വാസവും ധാർമ്മിക മൂല്യങ്ങളും ജീവിതലക്ഷ്യവും നഷ്ടമാക്കാതെ ജീവിച്ചാൽ, നിങ്ങൾക്കും അങ്ങനെയാകാൻ സാധിക്കും.
പ്രാർത്ഥനാശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
സൂപ്പർഹിറ്റായി "ഒരേയൊരിന്ത്യ' ദേശഭക്തിഗാനം

ദീപിക കളർ ഇന്ത്യ മെഗാ ചിത്രരചനാമത്സരത്തിന്റെ വേദികളിലും സ്വാതന്ത്ര്യദിനത്തിലും ആടിപ്പാടാനായി ഡിസിഎൽ പുറത്തിറക്കിയ "ഒരേയൊരിന്ത്യ' എന്ന ദേശഭക്തിഗാനം സൂപ്പർഹിറ്റായി! ഒരാഴ്ചകൊണ്ട് നൂറുകണക്കിനു സ്കൂളുകളിലാണ് വിദ്യാർഥികൾ സംഘനൃത്തത്തിന്റെ ചുവടുകൾവച്ച് ഈ ഗാനം പാടിയത്. വിദ്യാർഥികളുടെ വ്യായാമത്തിനും വിനോദത്തിനുമായി വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച സുംബാ ഡാൻസിന്, ഗുജറാത്തി ഗർബ ഡാൻസിന്റെ ശൈലിയിൽ ഒരുക്കിയ ഈ ഗാനം നന്നായി ഇണങ്ങുമെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.
ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ രചിച് ഈ ഗാനത്തിന് ഗുജറാത്തി ഗർബഡാൻസിന്റെ താളഭംഗിയിൽ മനോഹരമായ ഈണം പകർന്നത് ആയിരത്തോളം ഗാനങ്ങൾക്ക് സംഗീതം നൽകിയ പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞൻ ഫാ. ആന്റണി ഉരുളിയാനിക്കൽ സിഎംഐ ആണ്. ലക്ഷക്കണക്കിനു വിദ്യാർഥികൾ ഏറ്റുപാടുന്ന ‘മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്’ എന്ന ഡിസിഎൽ ലഹരിവിരുദ്ധ ഗാനത്തിന് സുന്ദരമായ ഈണം പകർന്നതും ആന്റണിയച്ചൻതന്നെയാണ്.
തൊടുപുഴ നാദോപാസന ഡയറക്ടറും പ്രസിദ്ധ ഗായകനുമായ ഫാ. പ്രിൻസ് പരത്തിനാൽ സിഎംഐയുടെ നല്ല ആലാപനത്തിന്, കോറസ് പാടിയത് സിൻസി ജോയ്, നീനു സോണി എന്നീ ഗായകരും പശ്ചാത്തല സംഗീതം ഒരുക്കിയത് അനൂപ് വാഴക്കുളവുമാണ്.
വളരെ ചുരുങ്ങിയ സമയംകൊണ്ട്, ഗാനത്തിന് നൃത്തച്ചുവടുകളൊരുക്കിയത്, മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്. സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ വിദ്യാർഥിനികളുംകൂടി കൈകോർത്ത് നടത്തിയ ഈ ഗാനത്തിന്റെ സംഘനൃത്തത്തിന് കാമറയും വീഡിയോ എഡിറ്റിംഗും ചെയ്തത്, ലിയോ തോമസും സംഘവുമാണ്. വിദ്യാർഥികളിൽ ദേശസ്നേഹത്തിന്റെയും ഒരുമയുടെയും വികാരമുണർത്തുന്ന ഗാനമാണ് ഒരേയൊരിന്ത്യ, എന്ന് ഏവരും അഭിപ്രായപ്പെടുന്നു.
ഡിസിഎൽ - കുട്ടികളുടെ ദീപിക റീൽ ചലഞ്ച്
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കായി ഡിസിഎല്ലും - കുട്ടികളുടെ ദീപികയും ചേർന്ന് റീൽ ചലഞ്ച് നടത്തുന്നു. കേരളം മുഴുവൻ തരംഗമാകുന്ന "ഒരേയൊരിന്ത്യ' എന്ന ദേശഭക്തിഗാനത്തിന്റെ സംഘനൃത്തത്തിന് സമ്മാനങ്ങൾ നൽകുന്നു. സ്കൂളിലെ പരമാവധി കുട്ടികൾ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് അയയ്ക്കേണ്ടത്. വിജയികളാകുന്ന സ്കൂളിന് 5000, 4000, 3000 എന്നീ ക്രമത്തിൽ കാഷ് പ്രൈസും ട്രോഫിയും നൽകുന്നതാണ്. 9349599181 എന്ന വാട്സ് ആപ് നന്പരിലേക്ക് ഓഗസ്റ്റ് 30-നു മുന്പ് വീഡിയോ അയയ്ക്കേണ്ടതാണ്. എൽ.പി., യു.പി., ഹൈസ്കൂൾ, ആൺ- പെൺ വ്യത്യാസമില്ലാതെ എല്ലാ സിലബസിലുമുള്ള സ്കൂളുകൾക്കും പങ്കെടുക്കാവുന്നതാണ്.ഈ ഗാനത്തിന്റെ വീഡിയോ DCLDEEPIKA യു ട്യൂബ് ചാനലിൽ ലഭ്യമാണ്. മത്സരത്തിനായി ലഭിക്കുന്ന വീഡിയോകൾ DCL DEEPIKA യുട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുന്നതാണ്.
തൊടുപുഴ മേഖലാ ടാലന്റ് ഫെസ്റ്റ് സെപ്റ്റംബർ 13-ന് വിമലയിൽ
തൊടുപുഴ: ഡിസിഎൽ തൊടുപുഴ മേഖലാ ടാലന്റ് ഫെസ്റ്റ് സെപ്റ്റംബർ 13-ന് തൊടുപുഴ വിമല പബ്ലിക് എൽപി സ്കൂളിൽ നടക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല. ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം - ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്, (2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ, (3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം
യു.പി. വിഭാഗം - (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ, (2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്
എൽപി വിഭാഗം - (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ.
യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ, മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്. രചനാമത്സരങ്ങൾക്ക് ഒരു മണിക്കൂറായിരിക്കും സമയം. ഒരു കുട്ടിക്ക് ഗ്രൂപ്പ് മത്സരങ്ങൾ ഉൾപ്പെടെ പരമാവധി 3 മത്സരങ്ങളിൽ പങ്കെടുക്കാം.മേഖല മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് പ്രവിശ്യാ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് അർഹത ലഭിക്കും.