ജൈവമാലിന്യ സംസ്കരണത്തിന് ഏഴ് പ്ലാന്റുകൾ ഉടൻ : മന്ത്രി എം.ബി. രാജേഷ്
Friday, August 15, 2025 12:24 AM IST
തളിപ്പറന്പ്: ജൈവമാലിന്യ സംസ്കരണത്തിനു സംസ്ഥാനത്ത് ഏഴ് വൻകിട സിബിജി പ്ലാന്റ് (കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്) പൂർത്തിയാവുകയാണെന്നും പാലക്കാട് ജില്ലയിലെ പ്ലാന്റ് ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി എം.ബി. രാജേഷ്.
ഹരിതകർമസേന സംരംഭകത്വ വികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആന്തൂർ നഗരസഭ വിൻഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റിന്റെ പുതിയ കെട്ടിടോദ്ഘാടനം ധർമശാലയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശൂരിൽ സിബിജി പ്ലാന്റ് പണി ആരംഭിച്ചു. കോഴിക്കോട്, തിരുവന്തനപുരം ഉൾപ്പെടെയുള്ള ബാക്കി അഞ്ചെണ്ണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 720 ടൺ അജൈവമാലിന്യം ആർ ഡി എഫ് (റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ) ആക്കി മാറ്റുന്നതിനുള്ള ആറ് പ്ലാന്ററുകൾ അടുത്ത ആറുമാസത്തിനുള്ളിൽ കേരളത്തിൽ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
എം.വി. ഗോവിന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ വിശിഷ്ടാതിഥികളായി.
മുനിസിപ്പൽ എൻജിനിയർ വി. മുഹമ്മദ് സാലിഹ് റിപ്പോർട്ട് അവതരിപ്പിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ.വി. പ്രേമരാജൻ, എം. ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
പിഴ ചുമത്തിയത് 9.55 കോടി
തളിപ്പറന്പ്: കേരളത്തിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരിൽനിന്നു കഴിഞ്ഞ അഞ്ചുമാസം കൊണ്ട് പിഴ ചുമത്തിയത് 9.55 കോടി രൂപയെന്ന് മന്ത്രി എം.ബി. രാജേഷ് തളിപ്പറന്പിൽ പറഞ്ഞു. ഇതിൽ 30 ലക്ഷത്തിലധികം രൂപ വാട്സാപ്പ് വഴി ലഭിച്ച പരാതിയിലാണ്.
ഇങ്ങനെ പരാതി അറിയിക്കുന്നവർക്ക് പിഴ തുകയുടെ നാലിലൊന്ന് സമ്മാനമായി നൽകുമെന്നും മന്ത്രി അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നതിന്റെ വ്യക്തമായ വീഡിയോ 9446700800 എന്ന വാട്സാപ്പ് നമ്പറിലൂടെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.