എൻഐഎ ഇടപെടൽ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ: മന്ത്രി
Thursday, August 14, 2025 3:49 AM IST
കോതമംഗലം: കോതമംഗലത്ത് ആത്മഹത്യചെയ്ത ടിടിഐ വിദ്യാർഥിനിയുടെ വീട് കേന്ദ്ര സഹമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും സന്ദർശിച്ചു.
ഇന്നലെ രാവിലെ മന്ത്രി ജോർജ് കുര്യനും ഉച്ചയോടെ സുരേഷ് ഗോപിയും എത്തി കുടുംബാംഗങ്ങളോടു വിവരങ്ങൾ ചോദിച്ചറിയുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ കുടുംബം എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ഇടപെടൽ ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിനു നിയമമുണ്ടെന്നും എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ ഇടപെടുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു. സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചില്ല. വിദ്യാർഥിനിയുടെ കുടുംബത്തിനു വേണ്ട എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി മടങ്ങിയത്.