റവ. കുര്യൻ പീറ്റർ സിഎസ്ഐ കൊച്ചി മഹായിടവക ബിഷപ്
Friday, August 15, 2025 12:35 AM IST
കൊച്ചി: ചർച്ച് ഓഫ് സൗത്ത് ഇന്ത്യ(സിഎസ്ഐ) കൊച്ചി മഹായിടവകയുടെ ബിഷപ്പായി റവ. കുര്യൻ പീറ്റർ തെരഞ്ഞെടുക്കപ്പെട്ടു. ഫോർട്ട്കൊച്ചി സെന്റ് ഫ്രാൻസിസ് സിഎസ്ഐ പള്ളിയിലെ വൈദികനും അഡ്മിനിസ്ട്രേറ്റീവ് ഫിനാൻസ് സെക്രട്ടറിയുമായാണ് ഇദ്ദേഹം.
2000 ൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട റവ. കുര്യൻ നോർത്ത് കേരള മഹായിടവകയിൽ ചർച്ച് വർക്കർ, മഹായിടവക യൂത്ത് വർക്കർ, ക്രിസ്ത്യൻ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ, സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
കൂടാതെ വയനാട്ടിലെ സിഎസ്ഐ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലും എറണാകുളത്തെ കൗൺസലിംഗ് സെന്ററിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ കെ.ജെ. പീറ്ററിന്റെയും ആല്യമ്മ പീറ്ററിന്റെയും മകനാണ്. സ്ഥാനാരോഹണം ഇന്നു രാവിലെ ഒമ്പതിന് എറണാകുളം സിഎസ്ഐ ഇമ്മാനുവല്‍ കത്തീഡ്രലില്‍ നടക്കും.