വോട്ട് ക്രമക്കേട്: ജില്ലാ കളക്ടർക്ക് പരാതി
Thursday, August 14, 2025 1:37 AM IST
തൃശൂർ: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമവോട്ടർപട്ടികയിൽ സ്ഥിരതാമസക്കാരല്ലാത്തവരെ ചേർത്ത ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കു പരാതി. കെപിസിസി സെക്രട്ടറി എ. പ്രസാദാണു പരാതി നൽകിയത്.
സ്ഥിരതാമസമില്ലാത്ത വോട്ടർമാരെ ചേർത്തെന്നു പ്രാഥമികമായി കണ്ടെത്തിയ ബൂത്ത് നന്പർ 36, 37, 42, 54 എന്നിവിടങ്ങളിലെ ബിഎൽഒമാർക്കെതിരേ അടിയന്തരനടപടിയെടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ പൂർണമായി ലംഘിച്ചു.
അപേക്ഷ നൽകിയവർ സ്ഥലത്തു താമസിക്കുന്നുണ്ടോയെന്ന പ്രാഥമികപരിശോധനപോലും ബിഎൽഒമാർ നിർവഹിച്ചിട്ടില്ലെന്നും മുൻ എംപി ടി.എൻ. പ്രതാപന്റെ പരാതി ജില്ലാ കളക്ടറുടെ പരിഗണനയിലുണ്ടായിട്ടും നടപടിയെടുത്തില്ലെന്നും പരാതിയിൽ പറയുന്നു.