കൊളറാഡോയിൽ ഭൂഗർഭ നിശാക്ലബിൽ റെയ്ഡ്; നൂറിലധികം കുടിയേറ്റക്കാർ അറസ്റ്റിൽ
പി.പി. ചെറിയാൻ
Thursday, May 1, 2025 5:48 AM IST
കൊളറാഡോ: കൊളറാഡോയിലെ ഭൂഗർഭ നിശാക്ലബിൽ രാത്രിയിൽ നടത്തിയ റെയ്ഡിൽ നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന നൂറിലധികം കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
നിശാക്ലബിൽ നടത്തിയ പരിശോധനയിൽ 200 പേരിൽ 114 പേർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നവരാണെന്നാണ് കണ്ടെത്തൽ. നിശാക്ലബിനുള്ളിൽ ലഹരിമരുന്ന് കടത്ത്, അനാശാസ്യ പ്രവർത്തനം, അക്രമ കുറ്റകൃത്യങ്ങൾ എന്നിവ ഉണ്ടായിരുന്നതായി, ഡിഇഎ റോക്കി മൗണ്ടൻ ഡിവിഷൻ സ്പെഷ്യൽ ഏജന്റ് ഇൻ ചാർജ് ജോനാഥൻ സി. പുല്ലെൻ പറഞ്ഞു.
പരിശോധനയിൽ നിരവധി തോക്കുകളും പിടിച്ചെടുത്തു.അണ്ടർഗ്രൗണ്ട് ക്ലബിൽ നിന്ന് കണ്ടെത്തിയ ലഹരിമരുന്നുകളിൽ കൊക്കെയ്നും ടൂസി എന്നും അറിയപ്പെടുന്ന പിങ്ക് കൊക്കെയ്നും ഉൾപ്പെടുന്നു.
പത്തിലധികം ഫെഡറൽ ഏജൻസികളിലായി നൂറുകണക്കിന് ഏജന്റുമാർ റെയ്ഡിൽ പങ്കെടുത്തുവെന്നുവെന്നും ജോനാഥൻ പറഞ്ഞു. കഴിഞ്ഞ കുറച്ച മാസങ്ങളായി ഈ നൈറ്റ്ക്ലബ് ഡിഇഎയുടെയും അന്വേഷണ ഏജൻസികളുടെയും നിരീക്ഷണത്തിലായിരുന്നു.