എഡ്മന്റൺ മലയാളി അസോസിയേഷൻ മലയാളം പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
ജോസഫ് ജോൺ കാൽഗറി
Wednesday, September 24, 2025 4:22 PM IST
എഡ്മന്റൺ: എഡ്മന്റൺ മലയാളി അസോസിയേഷന്റെ(നേർമ) നേതൃത്വത്തിൽ ആരംഭിച്ച മലയാളഭാഷാ പഠനകേന്ദ്രം കനേഡിയൻ എംപി സിയാദ് അബുൾത്തൈഫ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
എഡ്മന്റണിലെ മലയാളി കുട്ടികൾക്ക് മലയാളം പഠിക്കുന്നതിനുള്ള ഒരു പുതിയ വഴികാട്ടിയാകും ഈ പഠനകേന്ദ്രം. ഉദ്ഘാടനച്ചടങ്ങിൽ എഡ്മന്റൺ സിറ്റി കൗൺസിലർ ടിം കാർട്ട്മെൽ, രഞ്ജിത് സിംഗ് ബാത്ത്, ബനീശ സന്ധു എന്നിവർ ആശംസകൾ നേർന്നു.
കൂടാതെ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, മലയാളം മിഷൻ കാനഡ കോഓർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി എന്നിവർ വീഡിയോ സന്ദേശങ്ങളിലൂടെ പരിപാടിക്ക് ആശംസകൾ അറിയിച്ചു.
ഈ പഠനകേന്ദ്രം എഡ്മന്റണിലെ മലയാളം സമൂഹത്തിന് ഒരു നാഴികക്കല്ലായി മാറുമെന്നും ഭാഷയും സംസ്കാരവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും നേർമ ഭാരവാഹികൾ പറഞ്ഞു.
മലയാളം പഠിക്കാനും കേരളത്തിന്റെ പൈതൃകം മനസിലാക്കാനും കുട്ടികൾക്ക് ഇത് ഒരു മികച്ച അവസരം നൽകുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.