പരിശുദ്ധ കാതോലിക്കാ ബാവായുടെ ഹൂസ്റ്റൺ സന്ദർശനം സെപ്റ്റംബർ 20 മുതൽ
ജീമോൻ റാന്നി
Friday, September 19, 2025 7:21 AM IST
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യക്ഷനും മലങ്കര മെത്രാപ്പൊലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഹൃസ്വ സന്ദർശനത്തിനായി ഹൂസ്റ്റണിൽ എത്തുന്നു. ബാവായ്ക്ക് സെപ്റ്റംബർ 20, 21 തീയതികളിൽ ഹൂസ്റ്റണിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
സെപ്റ്റംബർ 20, 21 തീയതികളിൽ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിൽ കീഴിലുള്ള ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് (St. Peters and St,Pauls) ഇടവകയുടെ മദ്ബഹായുടെ പുനഃപ്രതിഷ്ഠയും കൽക്കുരിശ് കൂദാശയും കാതോലിക്കാ ബാവാ പൂർത്തീകരിക്കും. അന്നേ ദിവസങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ ഇവാനിയോസ്, കോറെപ്പിസ്കോപ്പമാർ, വൈദികർ എന്നിവർ സഹകാർമ്മി കരായിരിക്കും.
20ന് വൈകിട്ട് ദേവാലയത്തിൽ എത്തിചേരുന്ന കാതോലിക്കാ ബാവായെ വൈദികരും ഇടവക ജനങ്ങളും ചേർന്ന് ഭക്തി ആദരവോടെ സ്വീകരിക്കും. തുടർന്ന് കൽക്കുരിശിന്റെ കൂദാശയും സന്ധ്യാ നമസ്കാരവും മദ്ബഹായുടെ പുനഃപ്രതിഷ്ഠയും പൂർത്തിയാക്കും. തുടർന്ന് പൊതു സമ്മേളനവും നടത്തപ്പെടും.
21ന് രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരവും പ്രാർഥനയും തുടർന്ന് കുർബാനയും കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം നിർവഹിക്കും.കാതോലിക്കാ ബാവായെ സ്വീകരിക്കുന്നതിനായി ഇടവക വികാരി ഫാ. ജോർജ് സജീവ് മാത്യു, ഇടവക ട്രസ്റ്റി ഷിജിൻ തോമസ്, സെക്രട്ടറി ബിജു തങ്കച്ചൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കൺസ്ട്രക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.