മുൻ സെനറ്ററുടെ അധികാരം ദുരുപയോഗപ്പെടുത്തിയ ഭാര്യക്ക് 4.5 വർഷം തടവ് ശിക്ഷ
പി.പി. ചെറിയാൻഡ
Thursday, September 18, 2025 7:18 AM IST
ന്യൂജേഴ്സി: ഭർത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ മുൻ സെനറ്റർ ബോബ് മെനെൻഡസിന്റെ (ഡഎൻജെ) ഭാര്യ നദീൻ മെനെൻഡസിന് (58) നാല് വർഷത്തിലധികം തടവ് ശിക്ഷ വിധിച്ചു. പണം, സ്വർണ്ണക്കട്ടികൾ, മെഴ്സിഡസ് ബെൻസ് എന്നിവ കൈക്കൂലിയായി വാങ്ങിയ ശേഷം ഭർത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗം ചെയ്യുന്നതിന് നദീൻ കൂട്ടുനിന്നതായി കോടതി കണ്ടെത്തി.
സെനറ്റർ ബോബ് മെനെൻഡസിനും ഭാര്യയ്ക്കും കൈക്കൂലി നൽകിയ കേസിൽ ന്യൂജഴ്സിക്കാരായ ബിസിനസുകാരായ വെയ്ൽ ഹാന, ഫ്രെഡ് ഡെയ്ബ്സ് എന്നിവർ ശിക്ഷ അനുഭവിക്കുകയാണ്. വിചാരണ നേരിടുന്നതിന് മുൻപ് മൂന്നാമത്തെ ബിസിനസുകാരൻ കുറ്റം സമ്മതിച്ചു, ഇയാളുടെ ശിക്ഷ ഇതുവരെ വിധിച്ചിട്ടില്ല.
ബോബ് മെനെൻഡസിന് ശിക്ഷ വിധിക്കുന്നതിന് മുമ്പ് കോടതിക്ക് അയച്ച കത്തിൽ, ഭാര്യക്ക് പണക്കൊതിയുണ്ടെന്നും അദ്ദേഹം എഴുതിയിരുന്നു.ഭർത്താവിനും ബിസിനസുകാരായ വെയ്ൽ ഹാന, ഫ്രെഡ് ഡെയ്ബ്സ് എന്നിവരോടൊപ്പമാണ് ആദ്യം നദീന്റെ വിചാരണ തീരുമാനിച്ചിരുന്നത്.
സ്തനാർബുദം ബാധിച്ച വിവരം നദീൻ കോടതിയെ അറിയിച്ചതോടെയാണ് ഇവരുടെ കേസ് മറ്റുള്ളവരിൽ നിന്ന് വേർപെടുത്തി പ്രത്യേകമായി പരിഗണിക്കാൻ തീരുമാനിച്ചത്.ദീർഘകാലം ശിക്ഷ വിധിച്ചാൽ ചികിത്സ ലഭിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വർഷവും ഒരു ദിവസവും തടവ് ശിക്ഷ നൽകാൻ നദീൻ കഴിഞ്ഞ മാസം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ രേഖകൾ പരിഗണിച്ച് അടുത്ത വേനൽക്കാലത്ത്, ജൂലൈ 10ന് ജയിലിൽ കീഴടങ്ങാനാണ് നദീൻ മെനെൻഡെസിനോട് ജഡ്ജി ഉത്തരവിട്ടിരിക്കുന്നത്. അങ്ങനെ ജയിൽ ശിക്ഷ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ ചികിത്സയും ലഭിക്കുമെന്നാണ് കോടതി വിലയിരുത്തിയിരിക്കുന്നത്. പ്രോസിക്യൂട്ടർമാർ ഇതിനെ അനുകൂലിച്ചു.