കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോയിൽ വൻ പ്രതിഷേധം
പി.പി. ചെറിയാൻ
Friday, September 12, 2025 6:12 AM IST
ഷിക്കാഗോ: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോയിൽ ആയിരക്കണക്കിന് ആളുകൾ സമാധാനപരമായ പ്രതിഷേധ റാലി നടത്തി. കോൺഗ്രസ് പ്ലാസ ഗാർഡനിൽനിന്ന് ആരംഭിച്ച് ട്രംപ് ടവറിന് മുന്നിലൂടെയായിരുന്നു പ്രതിഷേധം.
യുവാക്കൾ, കുടുംബങ്ങൾ, മുൻ സൈനികർ ഉൾപ്പടെ മൂവായിരത്തോളം പേരാണ് റാലിയിൽ പങ്കെടുത്തത്. സൈനികരെ അയക്കുമെന്ന് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, റാലി നടന്നപ്പോൾ ഫെഡറൽ ഏജന്റുമാരോ സൈനികരോ സ്ഥലത്തുണ്ടായിരുന്നില്ല.
കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനെതിരെ പ്രാദേശിക നേതാക്കൾ രംഗത്തെത്തി. ഷിക്കാഗോയുടെ മേയറായ ബ്രാൻഡൻ ജോൺസൺ ട്രംപിന്റെ ഭീഷണികൾക്കെതിരെ ശക്തമായി പ്രതികരിച്ചു. താൻ ഒരു മുൻ സൈനികനും ഡോക്ടറുമാണെന്നും ഈ പ്രതിഷേധം നഗരത്തിന്റെ ശക്തമായ കുടിയേറ്റ പാരമ്പര്യത്തെയാണ് കാണിക്കുന്നതെന്നും റാലിയിൽ പങ്കെടുത്ത ഒരാൾ പറഞ്ഞു. വംശീയതയ്ക്കെതിരെയും കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയും പോരാടുന്ന നിരവധി സംഘടനകളും റാലിക്ക് പിന്തുണ നൽകി.