ഷൈനി രാജു ഫൊക്കാന വിമൻസ് ഫോറം ചെയർപഴ്സൺ സ്ഥാനാർഥിയായി മത്സരിക്കുന്നു
ഷിജിമോൻ മാത്യു
Thursday, September 11, 2025 3:54 PM IST
ന്യൂജഴ്സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ(മഞ്ച്) മുൻ പ്രസിഡന്റ് ഡോ. ഷൈനി രാജു ഫൊക്കാനയുടെ 2026-2028 ലെ ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപഴ്സൻ സ്ഥാനാർഥിയായി മത്സരിക്കുന്നതിന് മഞ്ച് കമ്മിറ്റി നാമനിർദേശം ചെയ്തു.
ഡോ. ഷൈനി രാജു വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, റീജിണൽ വിമൻസ് ഫോറം കോഓർഡിനേറ്റർ, നാഷണൽ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ ഫൊക്കാനയിൽ വഹിച്ചിട്ടുണ്ട്.
ഫൊക്കാനയുടെ വിവിധ കൺവൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗമായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ (മഞ്ച്) കഴിഞ്ഞ വർഷത്തെ പ്രസിഡന്റായിരുന്ന ഷൈനി ഈ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂജഴ്സിയിലെ എസെക്സ് കൗണ്ടി കോളജ്, കാൾഡ്വെൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ മാത്തമാറ്റിക്സ് അധ്യാപികയായി ജോലി ചെയ്തുവരികയാണ്.