വോട്ടർ പട്ടിക തീവ്രപരിഷ്കരണം; ബിഹാർ മോഡൽ കേരളത്തിലും
Saturday, September 13, 2025 2:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്തും വോട്ടർ പട്ടികയിൽ തീവ്രപരിഷ്കരണം വരുന്നു. ഇതു സംബന്ധിച്ച് പ്രാഥമിക നടപടികൾ ആരംഭിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നത് അനുസരിച്ച് തുടർ നടപടികൾ ഉണ്ടാവുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു.
ബൂത്ത് ലെവൽ ഓഫീസർമാർ ഓരോ വീടുകളിലുമെത്തി വോട്ടർമാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുകയും ചെയ്യും.
അനർഹരെ പൂർണമായും ലിസ്റ്റിൽ നിന്നും ഒഴിവാക്കുമെന്നും അർഹതപ്പെട്ട മുഴുവൻ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിലെ തീവ്ര പരിഷ്കരണം സംബന്ധിച്ച് ആശങ്കകൾ ഒന്നും വേണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
എസ്ഐആർ നടപ്പാക്കുന്നതിനു മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെ യോഗം ഈ മാസം 20ന് വിളിച്ചു ചേർത്തിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ചോദിച്ചറിയും. എസ്ഐആർ എന്നാൽ വോട്ടർ പട്ടിക പരിഷ്കരണമാണെന്നും, വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണം ഇതിനു മുന്പ് പലവട്ടം രാജ്യത്ത് നടപ്പാക്കിയിട്ടുണ്ടെന്നും ഏറ്റവും ഒടുവിൽ 2002ൽ 29 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും എസ്ഐആർ നടപ്പാക്കിയതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിനു മുന്നോടിയായി പാലക്കാട് മണ്ണാർകാട് രണ്ട് ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ കയറി ശേഖരിച്ച വിവരമനുസരിച്ച് 2002ലെ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതിൽ 80 ശതമാനം വോട്ടർമാരും 2025ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടതായി കണ്ടെത്താനായി. നിലവിലെ സാഹചര്യത്തിൽ വോട്ടർ പട്ടിക തീവ്രപരിഷ്കരണം നടപ്പാക്കാൻ മൂന്നു മാസംവരെ വേണ്ടി വന്നേക്കാം.
ബിഎൽഒമാർ നേരിട്ടുള്ള പരിശോധയ്ക്ക് വീട്ടിൽ വരുന്ന സമയത്ത് വോട്ടറെ കാണാൻ കഴിഞ്ഞില്ലെങ്കിൽ നേരിൽ കാണാൻ വീണ്ടും അവസരമൊരുക്കും. 2002ലെ പട്ടികയിൽ ഉൾപ്പെട്ടവർ ഇനി പ്രത്യേക രേഖകൾ നല്കേണ്ടതില്ല. അതിനു ശേഷം പേരു ചേർത്തവർ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ നിർദേശിച്ചിട്ടുള്ള 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കണം.
സംസ്ഥാനത്ത് 2.78 കോടി വോട്ടർമാർ
തിരുവനന്തപും: സംസ്ഥാനത്ത് ഇപ്പോൾ 2.78 കോടി വോട്ടർമാർ. ഈ മാസം എട്ടിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 2,78,24,319 വോട്ടർമാണുളളത്. ഇതിൽ1,34,35,040 പുരുഷൻമാരും 1,43,88,911 വനിതകളും 360 ട്രാൻസ്ജൻഡറുകളുമാണ് ഉൾപ്പെടുന്നത്.
2002 ൽ സംസ്ഥാനത്ത് വോട്ടർ പട്ടിക പരിഷ്കരിച്ചപ്പോൾ 1,07,27,068 പുരുഷൻമാരും 1,17,71,872 വനിതകളും ഉൾപ്പെടെ ആകെ 2,24,98,941 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. 53,25,378 വോട്ടർമാരുടെ വർധനയാണ് ഇക്കാലയളവിൽ ഉണ്ടായിട്ടുള്ളത്.