സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതി ; ഇന്ത്യാ സഖ്യത്തിൽ വോട്ടുചോർച്ച
Wednesday, September 10, 2025 2:21 AM IST
സനു സിറിയക്
ന്യൂഡൽഹി: വിജയത്തേക്കാളുപരി ഭൂരിപക്ഷത്തെപ്പറ്റി ചർച്ച ചെയ്ത രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണനു വിജയം. 452 വോട്ട് നേടിയാണ് രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്.
എതിർ സ്ഥാനാർഥിയായ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ റിട്ട. ജസ്റ്റീസ് സുദർശൻ റെഡ്ഢിക്കു ലഭിച്ചത് 300 വോട്ടാണ്. 15 വോട്ട് അസാധുവായി. ആകെയുണ്ടായിരുന്ന 781 വോട്ടർമാരിൽ 14 പേർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതൊഴിച്ചാൽ 767 പേരാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്.
കഴിഞ്ഞതവണ എൻഡിഎയ്ക്ക് ഒപ്പം നിന്ന അകാലിദളും ബിജെഡിയും ബിആർഎസും ഇത്തവണ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഒരു സ്വതന്ത്ര എംപിയും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. അകാലിദളിന് ഒന്നും ബിജെഡിക്ക് ഏഴും ബിആർഎസിന് നാലും എംപിമാരാണ് പാർലമെന്റിലുള്ളത്.
പിന്തുണ പ്രഖ്യാപിച്ചവരുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ 438 വോട്ട് എൻഡിഎ സ്ഥാനാർഥിക്കും 327 വോട്ട് ഇന്ത്യാ സഖ്യം സ്ഥാനാർഥിക്കും ലഭിക്കണം. എന്നാൽ ഫലം വന്നപ്പോൾ ഇന്ത്യാ സഖ്യത്തിനു ലഭിച്ചത് 300 വോട്ടും ഭരണപക്ഷത്തിനു ലഭിച്ചത് പ്രതീക്ഷിച്ചതിലും 14 വോട്ട് കൂടുതലും.
വോട്ടെടുപ്പ് രഹസ്യബാലറ്റ് സംവിധാനത്തിലായതിനാൽ ആരാണു ക്രോസ് വോട്ട് നടത്തിയതെന്നു വ്യക്തമല്ല. കണക്കുകൂട്ടിയതിലും അധികം വോട്ടുകൾ സി.പി. രാധാകൃഷ്ണനു ലഭിച്ചത് എൻഡിഎയുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നതിൽ സംശയമില്ല. വോട്ടെണ്ണം വർധിപ്പിച്ചു ഭരണപക്ഷത്തിനെതിരേ വികാരം ശക്തമാക്കാൻ കാത്തിരുന്ന ഇന്ത്യാ സഖ്യത്തിന് ഇതു തിരിച്ചടിയായി.