നവജാത ശിശുക്കൾ വില്പനയ്ക്ക്; ഡോക്ടർ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ
Tuesday, September 9, 2025 1:23 AM IST
ന്യൂഡൽഹി: ഡൽഹിയിൽ നവജാതശിശുക്കളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ. മാതാപിതാക്കൾ ഉപേക്ഷിക്കുന്ന കുട്ടികളെ 1.8 മുതൽ 7.5 ലക്ഷം രൂപ വരെ വിലയ്ക്കായിരുന്നു സംഘം വിറ്റിരുന്നത്.
ഒരു വയസിനു താഴെയുള്ള ആറു കുട്ടികളെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽനിന്നു കണ്ടെത്തി രക്ഷപ്പെടുത്തി.
ഇടനിലക്കാരനായി പ്രവർത്തിച്ച സുന്ദർ (35) അറസ്റ്റിലായിട്ടുണ്ട്. ആഗ്ര ഫത്തേഹാബാദിലെ കെ.കെ. ആശുപത്രി ഉടമയായ ഡോ. കമലേഷ്കുമാറാണ് (33) കേസിലെ മുഖ്യപ്രതി. ഗർഭം അവസാനിപ്പിക്കാൻ കഴിയാത്ത ഘട്ടത്തിലെത്തിയ യുവതികളുടെ പ്രസവത്തിനുള്ള സാഹചര്യമൊരുക്കി ഈ കുട്ടികളെ കമലേഷ്കുമാർ ഏറ്റെടുക്കുകയും തുടർന്ന് വിൽക്കുകയും ചെയ്യും.
റെയിൽവേ സ്റ്റേഷനിൽനിന്ന് ആറുമാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് കുട്ടിക്കടത്ത് റാക്കറ്റിലേക്ക് എത്തിച്ചത്.