മുംബൈയിലെ ഫ്ളാറ്റിൽ തീപിടിത്തം; സ്ത്രീ മരിച്ചു, 18 പേർക്കു പരിക്ക്
Monday, September 8, 2025 4:46 AM IST
മുംബൈ: വടക്കൻ മുംബൈയിലെ ദഹിസാറിൽ 24 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് സ്ത്രീ മരിച്ചു. 18 പേർക്കു പരിക്കേറ്റു.
ദഹിസാർ ഈസ്റ്റിലെ ശാന്തിനഗറിൽ ന്യൂജനകല്യാൺ സൊസൈറ്റിയിൽ ഇന്നലെ ഉച്ചയ്ക്കു മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്.
വിവിധ നിലകളിൽനിന്നായി 36 പേരെ രക്ഷപ്പെടുത്തി. ഇതിൽ 19 പേർ നഗരത്തിലെ ആശുപത്രികളിൽ ചികിത്സയിലാണ്. രോഹിത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു സ്ത്രീയാണ് മരിച്ചത്. മറ്റൊരാളുടെ നില അതീവ ഗുരുതരമാണ്.
കെട്ടിടത്തിന്റെ നാലാം നിലയിലെ വൈദ്യുതിവിതരണ സംവിധാനത്തിനാണു തീപിടിച്ചതെന്നു സംശയിക്കുന്നു. വൈകുന്നേരം നാലരയോടെ തീ നാലുഭാഗത്തേക്കും വ്യാപിച്ചു. രണ്ടു മണിക്കൂറിനുശേഷമാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കാനായത്. അപകടകാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.