ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ
സ്വന്തം ലേഖകൻ
Monday, September 8, 2025 4:46 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഭരണകക്ഷി എംപിമാർക്കായി രണ്ടു ദിവസത്തെ ശിൽപശാല ഡൽഹിയിൽ സംഘടിപ്പിച്ചു. ശില്പശാലയിൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗിനുള്ള മോക് പോൾ നടന്നു.
സമാനമായി ഇന്ത്യ മുന്നണിയിലെ എംപിമാർക്കുള്ള മോക് പോൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് പഴയ പാർലമെന്റിലെ സെന്റർ ഹാളിൽ നടത്തും. ഇന്നലെ നടന്ന ഭരണകക്ഷി എംപിമാരുടെ ശിൽപശാലയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. അതേസമയം ഭരണകക്ഷി എംപിമാർക്കായി പ്രധാനമന്ത്രി ഇന്നു നടത്താനിരുന്ന അത്താഴ വിരുന്ന് ഉത്തരേന്ത്യയിലെ പ്രളയം കണക്കിലെടുത്ത് റദ്ദാക്കിയതായി സൂചനയുണ്ട്.
നാളെ നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം എൻഡിഎയ്ക്ക് അനുകൂലമാണെങ്കിലും ബിജെഡി, ബി ആർ എസ് എന്നിവ ഉൾപ്പെടെ 18 എംപിമാരുടെ വോട്ട് ആർക്കാണെന്ന് ഇതുവരെ വ്യക്തമാക്കാത്ത സാഹചര്യത്തിൽ പോരാട്ടം ശ്രദ്ധേയമാകും.