ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കാൻ തയാറെന്ന് ട്രംപ്, സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
Sunday, September 7, 2025 1:36 AM IST
ന്യൂഡൽഹി: ഇന്ത്യക്ക് ഇരട്ടി തീരുവ ചുമത്തിയതിനെത്തുടർന്നു വഷളായ ബന്ധം പുനഃസ്ഥാപിക്കാൻ എപ്പോഴും തയാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ട്രംപിന്റെ വികാരങ്ങളെയും അമേരിക്കയുമായുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ ശുഭകരമായ വിലയിരുത്തലിനെയും പൂർണമായി അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതായി മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. സമഗ്രവും ആഗോളവുമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഇന്ത്യ-അമേരിക്ക ബന്ധം ദീർഘവീക്ഷണത്തോടെ കാണുന്നുവെന്ന് മോദി വ്യക്തമാക്കി.
വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ നിങ്ങൾ തയാറാണോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഞാൻ എപ്പോഴും തയാറാണെന്നും മോദി എന്റെ സുഹൃത്തും മികച്ച പ്രധാനമന്ത്രിയുമാണെന്നു ട്രംപ് പറഞ്ഞത്.
ഇന്ത്യയുമായി പ്രത്യേക ബന്ധമുണ്ടെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു വ്യക്തമാക്കിയിരുന്നു. എന്നാൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിയിൽ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, യുഎൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. പകരം വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സമ്മേളനത്തിൽ പ്രസംഗിക്കുന്നവരുടെ പേരുകൾ ജൂലൈയിൽ പുറത്തിറക്കിയപ്പോൾ മോദിയുടെ പേരുണ്ടായിരുന്നു. അതിനുശേഷമാണ് അമേരിക്കയുടെ ഇരട്ടത്തീരുവ വന്നത്. പ്രഭാഷകരുടെ പുതുക്കിയ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചപ്പോൾ അതിൽ മോദിയുടെ പേര് ഉണ്ടായിരുന്നില്ല. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയാണെങ്കിൽ അവസാന നിമിഷം പ്രധാനമന്ത്രി സമ്മേളനത്തിൽ പങ്കെടുത്തേക്കും.
പുടിനും മോദിയും ചൈനയോട് അടുത്തതിൽ നിരാശപ്പെട്ട് ട്രംപ്
സുഹൃത്തുക്കളായിരുന്ന പുടിനും മോദിയും ചൈനയോട് അടുത്തതിന്റെ നിരാശ വെളിപ്പെടുത്തുന്നതായിരുന്നു ഡോണൾഡ് ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ‘ഇരുണ്ട ചൈന’യോടു ചേർന്ന റഷ്യയെയും ഇന്ത്യയെയും അമേരിക്കയ്ക്കു നഷ്ടമായെന്നായിരുന്നു ട്രംപിന്റെ നിരാശ.
ഷാങ്ഹായ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ എന്നിവർ സൗഹൃദം പങ്കിടുന്നതിന്റെ ചിത്രം ശ്രദ്ധനേടിയതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
“നിഗൂഢവും ഇരുണ്ടതുമായ ചൈനയോടു ചേർന്ന റഷ്യയെയും ഇന്ത്യയെയും നമുക്ക് നഷ്ടമായെന്നാണു കരുതുന്നത്. അവർക്ക് ദീർഘവും സമൃദ്ധവുമായ ഭാവി ഉണ്ടാകട്ടെ!” യുഎസ് പ്രസിഡന്റ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.