റഷ്യയിൽനിന്ന് കൂടുതൽ എസ്-400 ഇന്ത്യ വാങ്ങും
Thursday, September 4, 2025 2:15 AM IST
ന്യൂഡൽഹി: റഷ്യയിൽനിന്നു കൂടുതൽ എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങാൻ ഇന്ത്യ തയാറെടുക്കുന്നു. ഇതു സംബന്ധിച്ച് ചർച്ചകൾ നടന്നതായി റഷ്യൻ ഫെഡറൽ സർവീസ് ഫോര്‍ മിലിട്ടറി-ടെക്നിക്കൽ കോ-ഓപ്പറേഷൻ തലവൻ ദിമിത്രി ഷുഗായേവ് പറഞ്ഞു. ചൈനയിൽ നടന്ന മോദി-പുടിൻ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കൂടുതൽ എസ്-400 സംവിധാനത്തിനുള്ള ചർച്ചകൾ ഊർജിതമായത്.
2018ൽ ഇന്ത്യ റഷ്യയിൽനിന്ന് അഞ്ച് എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിനായി കരാറുണ്ടാക്കിയിരുന്നു. 550 കോടി ഡോളറിന്റേതായിരുന്നു കരാർ. എന്നാൽ, എസ്-400 സംവിധാനം ഇന്ത്യയിലെത്തിക്കുന്നതു പല തവണ വൈകി. ഇനി ഇന്ത്യയിലെത്തിക്കാനുള്ള രണ്ട് എസ്-400 സംവിധാനങ്ങൾ 2026ലോ 2027ലോ എത്തിക്കും.
ഓപ്പറേഷൻ സിന്ദൂറിൽ എസ്-400 നിർണായക പങ്കാണു വഹിച്ചത്. 600 കിലോമീറ്റർ അകലെയുള്ള ഡ്രോണുകളെയും മിസൈലുകളെയും തിരിച്ചറിയാനും 400 കിലോമീറ്റർ അകലെ വച്ച് അവയെ തകർക്കാനും കഴിവുള്ളതാണ് എസ്-400 വ്യോമ പ്രതിരോധ സംവിധാനം.
സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കു പ്രകാരം 2020-2024 കാലത്ത് ഇന്ത്യയുടെ ആയുധ ഇറക്കുമതിയിൽ 36 ശതമാനം റഷ്യയിൽനിന്നാണ്. ഫ്രാൻസിൽനിന്നുള്ള ഇറക്കുമതി 33 ശതമാനവും ഇസ്രയേലിൽനിന്നുള്ളത് 13 ശതമാനവുമാണ്.