മറാഠകൾക്ക് സംവരണം നൽകിയാൽ പ്രക്ഷോഭമെന്ന് ഭുജ്ബൽ
Tuesday, September 2, 2025 1:29 AM IST
മുംബൈ: മറാഠകൾക്ക് ഒബിസി ക്വോട്ടയിൽ സംവരണം നല്കിയാൽ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്ന് മഹാരാഷ്ട്ര മന്ത്രിയും പ്രമുഖ ഒബിസി നേതാവുമായ ഛഗൻ ഭുജ്ബൽ. ഒബിസി സംഘടനാ നേതാക്കളുടെ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറാഠ വിഭാഗത്തിന് ഒബിസി പദവി നല്കുന്നതിനെ ഭുജ്ബൽ എതിർത്തു. ""മഹാരാഷ്ട്രയിലെ 374 സമുദായങ്ങൾക്ക് വെറും 17 ശതമാനം സംവരണമാണു ലഭിക്കുന്നത്. മറാഠകളും കുൻബികളും ഒന്നാണെന്നത് വിഡ്ഢിത്തമാണ്.
ഹൈക്കോടതിപോലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മറാഠകളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് കൂപ്പുകൈകളോടെ അഭ്യർഥിക്കുകയാണ്. ഒബിസി ക്വോട്ടയിൽ വ്യത്യാസപ്പെടുത്താതെ മറാഠകൾക്ക് സംവരണം നല്കുന്നതിന് ഞങ്ങൾ എതിരല്ല. മറാഠകൾ പിന്നാക്ക വിഭാഗമല്ല. പത്തു ശതമാനം ഇഡബ്ല്യുഎസ് സംവരണത്തിൽഎട്ടു ശതമാനം ലഭിച്ചത് മറാഠകൾക്കാണ്’’. -ഭുജ്ബൽ പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ഭുജ്ബൽ ചർച്ച നടത്തിയിരുന്നു.