അപേക്ഷയാണ്; പെൻഷൻ അനുവദിക്കണം
Sunday, August 31, 2025 2:08 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതിപദവിയിൽനിന്ന് അപ്രതീക്ഷിതമായി രാജിവച്ച ജഗ്ദീപ് ധൻകർ, എംഎൽഎ പെൻഷന് അപേക്ഷയുമായി രംഗത്ത്. 1993 മുതൽ 1998 വരെ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസ് അംഗമായിരുന്ന കാലയളവിലെ എംഎൽഎ പെൻഷനുവേണ്ടിയാണ് മുൻ ഉപരാഷ്ട്രപതി അപേക്ഷ സമർപ്പിച്ചത്.
2003ൽ ബിജെപിയിലേക്കു മാറിയ ജഗ്ദീപ് ധൻകർ അജ്മീർ ജില്ലയിലെ കിഷൻഗഡിൽനിന്നുള്ള കോൺഗ്രസ് നിയമസഭാംഗമായിരുന്നു. 2019ൽ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കപ്പെടുന്നതുവരെ ഇദ്ദേഹം എംഎൽഎ പെൻഷൻ വാങ്ങിയിരുന്നു.
2022 ജൂലൈ വരെ ഗവർണറായി പ്രവർത്തിച്ചശേഷമായിരുന്നു എൻഡിഎയുടെ ഉപരാഷ്ട്രപതിസ്ഥാനാർഥിയായി രംഗത്തുവന്നത്. കാര്യമായ എതിർപ്പില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ധൻകർ, വെങ്കയ്യ നായിഡുവിന്റെ പിൻഗാമിയായാണ് സ്ഥാനമേറ്റത്.
എന്നാൽ, കാലാവധി പൂർത്തിയാകുംമുമ്പേ കഴിഞ്ഞ മാസം 21ന് പാർലമെന്റ് സമ്മേളന കാലളവിനിടെ രാജിവച്ച് ഒഴിയുകയായിരുന്നു. ആരോഗ്യകാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്ന് അറിയിച്ചാണ് പദവിയൊഴിഞ്ഞത്.
രാജി സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ ഉയരുകയും പൊതുജനമധ്യത്തിൽനിന്നു മാറിനിൽക്കുകയും ചെയ്തതു വിവാദമായി. ഇതിനിടെയാണ് രാജസ്ഥാൻ നിയമസഭാ സെക്രട്ടറിക്ക്, മുൻ എംഎൽഎ എന്നനിലയിലുള്ള പെൻഷന് അപേക്ഷ സമർപ്പിച്ചത്. ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതുമുതലുള്ള കാലയളവിൽ എംഎൽഎ പെൻഷന് ഇദ്ദേഹം അർഹനായിരിക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു തവണ എംഎൽഎയായവർക്ക് 35,000 രൂപയാണ് രാജസ്ഥാനിലെ പെൻഷൻ. 70 വയസ് കടന്നവരാണെങ്കിൽ ഇതിൽ 20 ശതമാനം വർധന നൽകും. അതുപ്രകാരം 74കാരനായ ധൻകറിന് 42,000 രൂപ പെൻഷനായി ലഭിക്കും.
1989ൽ ജനതാദൾ എംപിയായി ജുൻജുനു മണ്ഡലത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ധൻകർ, ചന്ദ്രശേഖർ മന്ത്രിസഭയിൽ 1989-91 കാലയളവിൽ പാർലമെന്ററികാര്യമന്ത്രിയായും പ്രവർത്തിച്ചു. 2003ലാണ് ബിജെപിയിലേക്കു കളംമാറുന്നത്.
ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവച്ചതിനു പിന്നാലെ ജഗ്ദീപ് ധൻകറിനെ കാണാനില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.