വോട്ട് അധികാർ യാത്ര; നാഴികക്കല്ലെന്ന് കോൺഗ്രസ്
Sunday, August 31, 2025 1:49 AM IST
ന്യൂഡൽഹി: വോട്ട് അധികാർ യാത്രയിൽ വൻപിന്തുണ നൽകിയ ബിഹാറിലെ ജനങ്ങൾക്കു നന്ദി പറഞ്ഞ് കോൺഗ്രസ് നേതൃത്വം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും നയിച്ച വോട്ട് അധികാർ യാത്ര ബിഹാറിലെ ജനകീയ മുന്നേറ്റങ്ങളിൽ നാഴികക്കല്ലായി മാറിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്സിൽ കുറിച്ചു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ ബിഹാറിലെ ജനതയുടെ വോട്ട് ചെയ്യാനുള്ള അധികാരം കവർച്ച ചെയ്യപ്പെടുന്നത് സങ്കല്പിക്കാൻ കഴിയില്ല.
ആശങ്കയിലാണ്ടുപോയ ഒരു ജനതയെ വെളിച്ചത്തിലേക്കു നയിക്കാൻ 25 ജില്ലകളിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെയുള്ള 1300കിലോ മീറ്റർ ദൂരം താണ്ടിയുള്ള രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രകൊണ്ടു സാധിച്ചു. നാളെ തലസ്ഥാന ജില്ലയായ പാട്നയിൽ വൻ റാലിയോടെ വോട്ട് അധികാർ യാത്രയ്ക്കു സമാപനമാകുമെന്ന് വേണുഗോപാൽ പറഞ്ഞു.